Your Image Description Your Image Description

മുംബൈ: ഇന്ത്യൻ കടല്‍പ്പാലമായ അടല്‍സേതു (മുബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്) ഉപയോഗിച്ചത് കണക്കാക്കിയതിലും പകുതി വാഹനങ്ങള്‍. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ എം.എം.ആര്‍.ഡി.എ. പുറത്തുവിട്ട കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഏകദേശം 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച അടൽ ബിഹാരി വാജ്പേയി സെവ്രി-നവ ഷെവ അടൽ സേതു രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്.

പ്രതിദിനം 56,000 വാഹനങ്ങള്‍ പാലം ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും 23,000 ല്‍ താഴെ വാഹനങ്ങളാണ് നിലവില്‍ പാലത്തിലൂടെ കടന്നുപോകുന്നത്. 2024 ജനുവരി 12നാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. ജനുവരി 14 നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോയത് അന്ന് 61807 വാഹനങ്ങള്‍ പാലം ഉപയോഗിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ആകെ 83,06,009 വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോയത്. 7728149 കാറുകള്‍, 99660 മിനിബസുകള്‍, 1,17604 ബസുകള്‍, 199636 ട്രക്കുകള്‍ എന്നിങ്ങനെയാണ് പാലത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്ക്.

മുംബൈ നഗരത്തില്‍നിന്ന് നവി മുംബൈയിലേക്കും പുണെ, ഗോവ ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലേക്കുമുള്ള യാത്ര അടൽസേതു എളുപ്പമാക്കുന്നു. ഈ പാലം മുംബൈ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികകല്ലായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മുംബൈ തുറമുഖവും ജവഹർലാൽ നെഹ്‌റു തുറമുഖവും തമ്മിലുള്ള ബന്ധവും പാലം മെച്ചപ്പെടുത്തുന്നു.

നവിമുംബൈയിലെ ചിര്‍ലെയില്‍നിന്ന് തുടങ്ങി മുംബൈയിലെ സിവ്രിയില്‍ അവസാനിക്കുന്ന താനെ കടലിടുക്കിന് കുറുകെ 22 ദൂരത്തിലാണ് അടൽ സേതു പാലം പണിതീർത്തിരിക്കുന്നത്. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി പോകുമെന്ന കണക്കുകൂട്ടലിലാണ് എം.എം.ആര്‍.ഡി.എ കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *