Your Image Description Your Image Description

കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിച്ചു. അപ്പോസ്തലിക് വികാരി മാർ‍ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടുമണിവരെ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അപ്പോസ്തലിക് വികാരിയും പ്രതിഷേധിക്കുന്ന 21 വൈദികരുമായി ചർച്ച നടന്നത്. ചർച്ചയെ തുടർന്നു പ്രതിഷേധ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഈ മാസം 20ന് അടുത്ത ചർച്ച. അന്ന് വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള്‍ ഉണ്ടാവുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്നു മാർ ജോസഫ് പാംപ്ലാനി വൈദികർക്ക് ഉറപ്പു നൽകി. ബിഷപ്പ് ഹൗസിന്റെ ഗേറ്റുകൾ എല്ലാവർക്കുമായി തുറന്നിടുന്നതിലും പൊലീസിനെ പൂർണമായി പിൻവലിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാവും. പ്രശ്നപരിഹാരത്തിന്റെ തുടക്കമാണിതെന്ന് ചർച്ചയ്ക്കുശേഷം മാർ പാംപ്ലാനി വ്യക്തമാക്കി.

ബിഷപ്പ് ഹൗസിൽ പ്രാർഥനായജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അതിരൂപത ആസ്ഥാനത്തു പ്രതിഷേധ സമരം ആരംഭിച്ചത്. വൈദികരും വിശ്വാസികളും ഉൾപ്പെട്ട പ്രതിഷേധത്തിനിടെ ഒട്ടേറ തവണ സംഘർഷ സാധ്യതയുമുണ്ടായി. ഇതിനെ തുടർന്നാണ് ജില്ലാ കലക്ടർ മധ്യസ്ഥശ്രമത്തിനെത്തിയത്. ചികിത്സായ്ക്കായി തലശ്ശേരിക്കു മടങ്ങുകയായിരുന്ന മാർ പാംപ്ലാനിയെ കലക്ടർ ബന്ധപ്പെട്ടു. തൃശൂർ വരെ എത്തിയ ആർച്ച് ബിഷപ്പ് രാത്രി 10 മണിയോടെ എറണാകുളത്തേക്ക് മടങ്ങി വന്നാണ് പുലർച്ചെ 2 മണി വരെ ചർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *