Your Image Description Your Image Description

ഇടുക്കി : ഇടുക്കി ജില്ലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി ഇടുക്കി സബ് കളക്ടർ അനുപ് ഗാർഗിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വിവിധ ഡ്യൂട്ടി പോയിന്റുകളിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് , ഡ്യൂട്ടി മജിസ്ട്രേറ്റിനെ സഹായിക്കുന്നതിനുള്ള ജീവനക്കാർ എന്നിവരെയും നിയോഗിച്ചു.

താൽകാലിക ബാരിക്കേഡ് നിർമ്മാണം, കുടിവെള്ള വിതരണ സംവിധാനം, താൽകാലിക വെളിച്ച സംവിധാനം, മെഡിക്കൽ ടീമിന്റെ പ്രവർത്തനം, ബി.എസ്.എൻ.എൽ കണക്ടിവിറ്റി,കെ.എസ്.ആർടി.സി സർവീസ്, താൽക്കാലിക ശുചിമുറി സംവിധാനം, വാഹനങ്ങളുടെ പാർക്കിംഗ്, ഭക്ഷണ സാധനങ്ങളുടെ വില, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോഡൽ ഓഫീസർ പ്രവർത്തനങ്ങൾ വിലയിരുത്തും.

പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസുകാരെ വിന്യസിക്കും. സുരക്ഷ പരിശോധനകളും നിരീക്ഷണവും കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന് കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും. അടിയന്തരആവശ്യങ്ങള്‍ക്ക് ആറു സെന്ററുകളില്‍ അഗ്നിരക്ഷ സേനയെ നിയോഗിക്കും. പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളം എത്തിക്കാനുള്ള ചുമതല വാട്ടര്‍ അതോറിറ്റിക്കാണ് .

പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിര്‍മിക്കും. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ലൈറ്റുകള്‍ സജ്ജീകരിക്കും .സത്രം , മുക്കുഴി ,പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നിവിടങ്ങളില്‍ പൂര്‍ണ്ണസജ്ജരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം , ആംബുലന്‍സുകളുടെ സേവനം എന്നിവയും ഉറപ്പ് വരുത്തും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കും . മോട്ടോര്‍ വാഹനം, എക്സൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ പരിശോധനകള്‍ ശക്തമാക്കും.

കഴിഞ്ഞ ദിവസം മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഇടുക്കി , തേനി കലക്ടർമാരുടെ നേതൃത്വത്തിൽ ഓൺലൈനായി അന്തർജില്ല യോഗം നടന്നിരുന്നു. ജില്ലാ തല പോലീസ് മേധാവികളടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലയിലെ തുടർപ്രവർത്തനങ്ങൾ ശനിയാഴ്ച്ച ജില്ലാ കളക്ടർ വി വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *