Your Image Description Your Image Description

കൊച്ചി: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയ്ക്ക് ജാമ്യം. പബ്ലിക്കേഷൻ വിഭാഗം മേധാവിയായിരുന്ന എ.വി ശ്രീകുമാറിനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു.

‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ പേരിൽ ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ.പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പിഡിഎഫ് ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് പബ്ലിക്കേഷൻ മേധാവിയ്ക്ക് എതിരെ നടപടി. ചോർന്നത് ഡി സിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡി സി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ.

പുസ്തകത്തിൽ പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. അനാവശ്യ വിവാദങ്ങൾ ഉയരുന്നതിനെതിരെ ഇ.പി ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *