Your Image Description Your Image Description

സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മ പിന്മാറിയതായി റിപ്പോർട്ടുകൾ. പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്ര ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംമ്രയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ വൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. ഇതോടെ, ഓസ്ട്രേലിയയ്‌‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി.നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകന്‍ മറുപടി നല്‍കിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

സിഡ്നി ടെസ്റ്റിന്റെ തലേന്ന് പതിവ് വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുക്കാത്തത് താരം കളിക്കില്ല എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ, രോഹിത് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ അസാധാരണമായി ഒന്നുമില്ല എന്നായിരുന്നു പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *