Your Image Description Your Image Description

പ്രശസ്ത സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ ആകസ്മിക മരണത്തിൽ ​ദുരൂ​ഹതയെന്ന ആരോപണം ശക്തമാകുന്നു. ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗിന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയത്. ജമ്മുകശ്മീർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്ന താരമാണ് ഇരുപത്തഞ്ചുകാരിയായ സിമ്രാൻ. ​ഗുരു​ഗ്രാമിൽ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, പൊലീസിന്റെ ഈ വാദം തള്ളുകയാണ് കുടുംബം. ആത്മഹത്യ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. ജമ്മുവിന്റെ ഹൃദയമിടിപ്പെന്നാണ് ഇവരെ ആരാധകർ സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്. ഡിസംബർ 13-നായിരുന്നു സിമ്രാന്റെ അവസാന ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *