Your Image Description Your Image Description

ചെന്നൈ: യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായ എൻജിനീയറിം​ഗ് വിദ്യാർത്ഥിനിയുടെ പേരുവിവരങ്ങൾ ചോർന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പൊലീസിന്റെ എഫ്ഐആറിൽ നിന്നാണ് പെൺകുട്ടിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നത്. ഇത് പൊലീസിന്റെ ​ഗുരുതര വീഴ്ച്ചയാണെന്ന് ദേശീയ വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി. എഫ്ഐആറിന്റെ പകർപ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. അതിക്രൂരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും പെൺകുട്ടിയുടെ വ്യക്തിവിവരങ്ങളും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പരന്നു. അതിജീവിതയുടെ പേരുവിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും പൊലീസുദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി.

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുന്നതിനും ഭാരതീയ ന്യായ സം​ഹിതയിലെ സെക്ഷൻ 71 കൂടി ഉൾപ്പെടുത്തണമെന്നും വിജയ രഹാട്കർ ഡിജിപിയെ അറിയിച്ചു. കേസിലെ പ്രതികൾ സ്ഥിരം കുറ്റവാളികളാണ്. എന്നാൽ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടിയെടുക്കുന്നതിൽ തമിഴ്‌നാട് പൊലീസിന് വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രതികൾക്ക് പ്രേരണ ലഭിച്ചതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

ഡിസംബർ 23ന് വൈകിട്ടായിരുന്നു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽവെച്ച് പെൺകുട്ടി ബലാത്സം​ഗത്തിനിരയായത്. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ആൺസുഹൃത്തിനൊപ്പം മടങ്ങിവരികയായിരുന്ന വിദ്യാർത്ഥിനി കാമ്പസിനുള്ളിൽ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ അക്രമികൾ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സം​ഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *