Your Image Description Your Image Description

കോഴിക്കോട് : സ്വന്തം പണം കൊടുത്തു ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവ് ഉൽപ്പന്നം കുറ്റമറ്റതാണ് എന്ന് ഉറപ്പുവരുത്താനും അല്ലെങ്കിൽ പരാതിപ്പെടാനും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ.

ദേശീയ ഉപഭോക്തൃ അവകാശ ദിനാചാരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ അവകാശ ജാലകം പരിപാടി സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളിൽ പലർക്കും ഉപഭോക്തൃ അവകാശത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നും അറിവുള്ളവരിൽ പലരും അവകാശങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കുന്നതായും എംഎൽഎ ചൂണ്ടിക്കാട്ടി. “ഏറ്റവും കൂടുതൽ മായം ചേർക്കുന്നത് വെളിച്ചെണ്ണയിലാണ്.സൂപ്പർമാർക്കറ്റിൽ ഒരുപാട് ബ്രാൻഡ് വെളിച്ചെണ്ണകളിൽ വിലക്കുറവുള്ള വെളിച്ചെണ്ണയാണ് നമ്മൾ വാങ്ങുക. വിലക്കുറവെന്ന് കേട്ടാൽ നമുക്ക് എന്തും സ്വീകാര്യമാണ്. ഗുണനിലവാരം നോക്കാറില്ല. റിബേറ്റും ഡിസ്കൗണ്ടും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല,” എംഎൽഎ ചൂണ്ടിക്കാട്ടി.

പരിപാടിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അംഗം വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘ഉപഭോക്തൃ നീതിക്കായുള്ള ഡിജിറ്റൽ വഴികൾ’ എന്ന വിഷയത്തിൽ കോഴിക്കോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മീഡിയേഷൻ സെൽ നോഡൽ ഓഫീസർ ഡി എസ് സത്യജിത്തും ‘ഉപഭോക്താക്കളും നിർമ്മിതബുദ്ധിയും’ എന്ന വിഷയത്തിൽ കേരള പോലീസിലെ സൈബർ ക്രൈം വിദഗ്ധൻ കെ ബീരജും ക്ലാസെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *