Your Image Description Your Image Description

സിറിയയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. 2025 ജനുവരി അവസാനം വരെ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് തുടരുമെന്ന് രാജ്യത്തെ സിവില്‍ ഏവിയേഷന്‍. ജനുവരി 22 വരെ സിറിയയിലേയ്ക്കുള്ള വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്റെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തലവന്‍ ഹുസൈന്‍ ഫര്‍സാനെ അറിയിച്ചു. തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ നിന്ന് ഇറാനെ സിറിയ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, വിമത നേതാവ് അഹ്‌മദ് അല്‍-ഷാറയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയന്‍ സര്‍ക്കാര്‍ ഇറാന്‍ വിമാനങ്ങളെ തങ്ങളുടെ ആകാശ പരിധിക്ക് മുകളിലൂടെ പറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായി ദി ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം, ഹിസ്ബുള്ളയ്ക്ക് വിമാനമാര്‍ഗം ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇറാന്‍ ബെയ്‌റൂത്ത് വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് സൂചന.

വര്‍ഷങ്ങളോളം, റഷ്യയ്‌ക്കൊപ്പം സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഇറാന്‍. ആഭ്യന്തരയുദ്ധകാലത്ത് വിമതരെ അടിച്ചമര്‍ത്താന്‍ അസദിനെ സഹായിക്കാന്‍ ആയുധങ്ങളെയും പോരാളികളെയും അയച്ചതിന് പകരമായി, ഇറാനെ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സിറിയ അനുവദിച്ചു. ഇതോടെ ഹിസ്ബുള്ളയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നതും ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയിരുന്നതും സിറിയയെ കേന്ദ്രീകരിച്ചായിരുന്നു.

എന്നാലിപ്പോള്‍ സിറിയയെ നിയന്ത്രിക്കുന്നത് ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പാണ്. അതുകൊണ്ടുതന്നെയാണ് ഇറാന്‍ ഇപ്പോള്‍ തങ്ങളുടെ സിറിയയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി നീട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *