Your Image Description Your Image Description

ആലപ്പുഴ : നിയമങ്ങളുണ്ടായിട്ടും പുതിയ കാലത്ത് ഉപഭോക്താക്കള്‍ കടുത്ത ചൂഷണവും വഞ്ചനയും നേരിടുകയാണെന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് ബഹുഭൂരിപക്ഷം പേര്‍ക്കും അവബോധമില്ലെന്നും എച്ച് സലാം എംഎല്‍എ പറഞ്ഞു. ആലപ്പുഴ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ദേശീയ ഉപഭോക്തൃ അവകാശദിനാചരണം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അടക്കം വ്യാപകമായ ഇക്കാലത്ത് ഉപഭോക്താക്കള്‍ വലിയതോതില്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ഉപഭോക്തൃനിയമങ്ങളെക്കുറിച്ച് കൂടുതല്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂര്‍വകവുമായ നിര്‍മ്മിതബുദ്ധി എന്നതാണ് ഈ വര്‍ഷത്തെ ഉപഭോക്തൃദിന സന്ദേശം.
ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ മായാദേവി അധ്യക്ഷയായി. ആലപ്പുഴ സിഡിആര്‍സി പ്രസിഡന്റ് (ഇന്‍ചാര്‍ജ്) ഷോളി പി ആര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ആര്‍ രാജേന്ദ്രപ്രസാദ് വിഷയമവതരിപ്പിച്ചു. സിഡിആര്‍സി അസിസ്റ്റന്റ് രജിസ്ട്രാര്‍ എ റസിയ ബീഗം, കണ്‍സ്യൂമര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഹക്കീം എംകെ മുഹമ്മദ് രാജ, ചേര്‍ത്തല താലൂക്ക് കണ്‍സ്യൂമര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് തൈക്കല്‍ സത്താര്‍, കെ സോമറാവു, കാര്‍ത്തികപ്പള്ളി സപ്ലൈ ഓഫീസര്‍ ജി ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ ഉപഭോക്താക്കളുടെ പരാതി കൈകാര്യം ചെയ്യുന്നതിന് ഹാജരാകുന്ന അഡ്വ. ജോസ്, വൈ ജെയിംസ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അനുകൂല വിധി ലഭിച്ച ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. സ്‌കൂള്‍, കോളേജ് കണ്‍സ്യൂമര്‍ ക്ലബ് അംഗങ്ങള്‍, ഉപഭോക്തൃസംഘടന പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *