Your Image Description Your Image Description

ജനപ്രിയ വാഹനം ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ,പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്‍ത 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോൾ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ മാസത്തെ ട്രൈബർ
വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറി.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍. ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

റെനോ വികസിപ്പിക്കുന്ന പുതിയ ടർബോ പെട്രോൾ എഞ്ചിന് 95 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ എഞ്ചിന്‍ കൂടി ചേരുന്നതോടെ ട്രൈബറിന്‍റെ വിപണിയിലിും നിരത്തിലുമുള്ള ട്രൈബറിന്‍റെ കുതിപ്പിന് വേഗത കൂടുമെന്നുറപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *