Your Image Description Your Image Description

കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി പരാതി. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെൻ്റർ (ആർസിസി), ക്രെഡൻസ് പ്രൈവറ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് കണ്ടെത്തിയത്. ബയോമെഡിക്കൽ മാലിന്യങ്ങളോടൊപ്പം മെഡിക്കൽ റെക്കോർഡുകളും കണ്ടെത്തിയിരുന്നു. ഡിസംബർ 15 ഞായറാഴ്ച തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായാണ് ഇവ തള്ളുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. മാലിന്യ പ്രശ്‌നത്തിൽ സർക്കാർ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാർച്ച് നടത്തുമെന്ന് കെ അണ്ണാമലൈ പറഞ്ഞു.

കേരളത്തിൽ നിന്ന് ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഗണ്യമായ അളവിൽ തമിഴ്‌നാട്ടിലെ അതിർത്തി ജില്ലകളിൽ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും വിവിധ ഏജൻസികൾ തമിഴ്നാട്ടിലാണ് കൊണ്ട് വന്ന് തള്ളുന്നത്. തമിഴ്‌നാട്ടിലെ ജലാശയങ്ങളിൽ അടക്കമാണ് മാലിന്യം നിക്ഷേപിച്ചത്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളായ, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി എന്നിവ കേരള സർക്കാരിന്റെ ഡംപ്‌യാർഡായി മാറിയെന്നും പരാതിയുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിക്കും പൊലീസിനുമടക്കം പരാതിനൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം മാലിന്യം സംസ്‌കരിക്കാൻ കരാറെടുത്ത കമ്പനികളുമായി സർക്കാരിന് ബന്ധമില്ലെന്നും, വിഷയം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *