Your Image Description Your Image Description

ന്യൂഡൽഹി: രാജ്യത്തെ നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്ല് ഉടൻതന്നെ പാർലമെന്റിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം അടിമുടി മാറ്റം വരുത്തിയാകും ഒറ്റ തെരഞ്ഞെടുപ്പിനായി നിയമനിർമ്മാണം നടത്തുക. ബിൽ നടപ്പാക്കണമെങ്കിൽ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു.

ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.

നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും കേന്ദ്രസർക്കാർ പലപ്പോഴായി ആരോപിച്ചിരുന്നു. മാത്രമല്ല നിരവധി തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

അതേസമയം ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ ബില്ല് പാസാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോൾ കൂടുതൽ പരിശോധനനയ്ക്ക് ജോയന്റ് പാർലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചർച്ചയുടെ ഭാഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഒറ്റ തിരഞ്ഞെടുപ്പിനാവശ്യമായ നിയമം നടപ്പാക്കുക അത്ര ലളിതമല്ല എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബിൽ നടപ്പാക്കണമെങ്കിൽ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ബിൽ പാസാകാൻ ആവശ്യമാണ്. എന്നാൽ, മൂന്നാം മോദി സർക്കാരിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തത് ബില്ല് പാസാക്കുന്നതിന് ചില വെല്ലുവിളികൾ ഉയർത്തിയേക്കും,. ബിൽ പാർലമെന്റിൽ പാസാകണമെങ്കിൽ ബിജെപിക്ക് ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *