Your Image Description Your Image Description

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന അതിക്രമത്തിൽ ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ എസ് എസ് രംഗത്ത്. മുഹമ്മദ് യൂനുസ് സർക്കാർ മനഃപൂർവം ഹിന്ദുക്കൾക്ക് എതിരെ അക്രമം അഴിച്ച് വിടുകയാണ്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഭാരതം മറ്റ് വഴികൾ തേടണം, മുഗൾ ഭരണത്തെ ഓർമിപ്പിക്കുന്നതാണ് ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറിന്റെ വാക്കുകളാണ് ഇത്. ബംഗ്ലാദേശിലെ ആക്രമണങ്ങളെ അപലപിച്ച് നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൊബേൽ പുരസ്‍ക്കാര ജേതാവ് ഭരിക്കുന്ന രാജ്യത്താണ് അതിക്രമങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ ഇരിക്കുന്ന പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതാണ് സ്ഥിതി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്നാൽ ചർച്ച എത്രനാൾ മുന്നോട്ട് കൊണ്ടുപോ​കാൻ സാധിക്കും. ജമ്മുകശ്മീരിൽ ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുമ്പോഴോക്കെ ഭാരതം തിരിച്ചടി നേരിട്ടു.

അതേസമയം ബംഗ്ലാദേശിൽ ഹിന്ദുവേട്ട നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബം​ഗ്ലാദേശ് ഭരണകൂടം രംഗത്ത് വന്നിരുന്നു. ഓ​ഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 22 വരെയുള്ള കണക്കുപ്രകാരം 88 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് എഴുപതോളം പേർ അറസ്റ്റിലായെന്നും ബം​ഗ്ലാദേശ് സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ബംഗ്ലാദേശ് സന്ദ‍ർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *