Your Image Description Your Image Description

എറണാകുളം : കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ബാലസൗഹൃദ രക്ഷാകര്‍തൃത്വത്തിനായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍നടന്നു.ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ. കെ. ഷാജു ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ കേരളം, സുരക്ഷിത ബാല്യം സുന്ദര ഭവനം എന്നീ ലക്ഷ്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഉത്തരവാദിത്വപൂര്‍ണ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എസ്. എസ്. വിനോദ് രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വം, കുട്ടികളുടെ സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിച്ചു.ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും എന്ന വിഷയത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ. കെ. ഷാജു കുട്ടികളുടെ അവകാശങ്ങളും നിയമപരമായ സംരക്ഷണ മാര്‍ഗങ്ങളും സംബന്ധിച്ച് ബോധവത്കരണ പരിശീലനം നല്‍കി.

ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം,കുട്ടികളുടെ അവകാശങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം,കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളാണ് പരിശീലനത്തിനിടയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് കുട്ടികളുടെ ശാരീരിക-മാനസിക സുരക്ഷാ ഉറപ്പിനായുള്ള പ്രായോഗിക മാര്‍ഗങ്ങളും മികച്ച രക്ഷാകര്‍തൃത്വ മാതൃകകളും പരിശീലനത്തില്‍ പങ്കുവച്ചു.ജില്ലാതലത്തില്‍ 180 ലേറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റി.എം. റെജീന അധ്യക്ഷയായി അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.സി. അനുമോള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാനോ ജോസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ് സിനി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജറായ പൊന്നി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *