Your Image Description Your Image Description

ബഹ്‌റൈൻ(മനാമ): ബഹ്റൈനിലെ മനാമയിൽ പ്രദര്‍ശന സ്റ്റാളില്‍ നിന്ന് നഷ്ടപ്പെട്ട കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തി. എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ജ്വല്ലറി അറേബ്യ 2024 എന്ന പ്രദര്‍ശനത്തിനിടെയാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. എക്സിബിഷനില്‍ പങ്കെടുക്കുന്ന ഒരു കടയിലെ 150,000 ബഹ്റൈന്‍ ദിനാര്‍ (3.3 കോടി ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന ആഭരണ സെറ്റാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.

ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചതോടെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇത് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ് കടയിലെ ഒരു ജീവനക്കാരന്‍ ആഭരണങ്ങള്‍ മാലിന്യം നിക്ഷേപിക്കാനുള്ള ഗാര്‍ബേജ് ബാഗില്‍ ഇടുന്നതും മാലിന്യം നിക്ഷേപിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് ബാഗ് കൊണ്ട് വെക്കുന്നതും ദൃശ്യങ്ങളില്‍ കണ്ടത്. വിവരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സതേണ്‍ പൊലീസ് ആഭരണങ്ങള്‍ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *