Your Image Description Your Image Description

ഓഹ്… ഇനി എത്ര നാള് കൂടി ഈ ഭൂമിയില്‍ ഇങ്ങനെ ജീവിക്കണമായിരിക്കും, ഈ ചോദ്യം ഒരിക്കലെങ്കിലും ഉന്നയിക്കാത്തവരായി ആരും കാണില്ല. ഇനി ഇത്ര നാള് കൂടിയേ ജീവിച്ചിരിക്കൂ എന്ന് നേരുത്തെ അറിഞ്ഞിരുന്നെങ്കിൽ കുറെ കാര്യങ്ങൾ കൂടി ചെയ്ത് തീർക്കാമായിരുന്നല്ലോ എന്ന് മിക്കവാറും പേർ പറയാറുണ്ട്. ജീവിതം എത്രനാള്‍ അവശേഷിക്കുന്നുവെന്ന് കണ്ടെത്താനാകില്ലെങ്കിലും പലരുടെയും അന്വേഷണം തുടരുകയാണ്. ആരോഗ്യകരമായ ജീവിതം നയിക്കുകയെന്നത് മാത്രമാണ് മനുഷ്യസാധ്യമായ കാര്യം. എന്നാല്‍ എപ്പോള്‍ മരിക്കുമെന്ന് കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘ഡെത്ത് ക്ലോക്കി’ന് ഉപഭോക്താക്കള്‍ വര്‍ധിച്ചതായി മാർക്കറ്റ് ഇൻ്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ വ്യക്തമാക്കി.

ജൂലൈയിൽ ലോഞ്ച് ചെയ്തതിനുശേഷം ഏകദേശം 125,000 തവണയാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്. ഡെത്ത് ക്ലോക്ക് ഉപയോക്താക്കൾക്ക്, സബ്‌സ്‌ക്രൈബുചെയ്യുന്നതിന് പ്രതിവർഷം 40 ഡോളര്‍ നൽകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മരണനിരക്ക് തടയാൻ കഴിയുന്ന ജീവിതശൈലി മാറ്റങ്ങൾ ആപ്പ് നിർദ്ദേശിക്കുന്നുണ്ടത്രേ.

ഏകദേശം 53 മില്യണ്‍ പങ്കാളികളുള്ള 1,200-ലധികം ആയുർദൈർഘ്യ പഠനങ്ങളുടെ ഡാറ്റാസെറ്റിലാണ് ഇതിന്റെ എഐ വികസിപ്പിച്ചത്. ഭക്ഷണക്രമം, വ്യായാമം, സ്ട്രെസ് ലെവലുകൾ, ഉറക്കം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇത് മരണത്തീയതി പ്രവചിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ബ്രെന്റ് ഫ്രാന്‍സണാണ് ഇതിന്റെ ഡെവലപ്പര്‍. ഒരാളുടെ മരണ തീയതി പ്രവചിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനിക്കുന്നതുമായ തീയതിയാണെന്ന് ഇദ്ദേഹം പറയുന്നു.

‘ഗ്രിം റീപ്പര്‍’ ചിത്രം ഉള്‍പ്പെടുത്തിയ ഒരു ഫെയര്‍വെല്‍ ഡെത്ത് ഡേ കാര്‍ഡാണ് ഇതില്‍ പ്രവചനത്തിലൂടെ ലഭിക്കുന്നത്. ആപ്പുകളുടെ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് വിഭാഗത്തിൽ ഇത് ഉയർന്ന റാങ്കിലാണെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ കേവലം പ്രവചനത്തിനുമപ്പുറം ഈ സാങ്കേതിക വിദ്യക്ക് കൂടുതല്‍ വിപുലമായ ഉപയോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സാമ്പത്തികമായ കണക്കുകൂട്ടലുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം പ്രധാനമാണ്. യുഎസിൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് മരണനിരക്കുകളുമായി ബന്ധപ്പെട്ട പട്ടികയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രസ്റ്റികൾക്കുള്ള വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് അവതരിപ്പിക്കുന്നത്.

യുഎസില്‍ 85 വയസുള്ള ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 10 ശതമാനമാണെന്നും, ശരാശരി 5.6 വര്‍ഷം ജീവിക്കുമെന്നാണ് ഈ ഏജന്‍സിയുടെ പ്രവചനം. എന്നാല്‍ ഇത്തരം പ്രവചനങ്ങളെക്കാള്‍ പുതിയ അല്‍ഗോരിതങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ കണക്ക് നല്‍കാന്‍ കഴിയുമെന്നാണ്‌ ബ്രെന്റ് ഫ്രാൻസൺ പറയുന്നത്.

ഇത്തരം കണ്ടെത്തലുകള്‍ക്ക് സാമ്പത്തിക ശാസ്ത്രമേഖലയിലും താല്‍പര്യമുണ്ട്. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ‘ഓണ്‍ ദ ലിമിറ്റ്‌സ് ഓഫ് ക്രൊണോളജിക്കല്‍ ഏജ്’ എന്ന പേരിലായിരുന്നു ഒരു പ്രബന്ധം. വാര്‍ധക്യം ശാരീരിക ശേഷിയെ ബാധിക്കുന്നതിനെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *