Your Image Description Your Image Description

കണ്ണൂർ : വിജയവഴിയിൽ കുതിക്കുന്ന കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെ കായികമേഖലയ്ക്ക് കരുത്തേകാൻ അഞ്ച് കോടി രൂപ ചെലവഴിച്ച് സ്‌പോർട്‌സ് ഹോസ്റ്റലും നീന്തൽക്കുളവും അത്യാധുനിക മൈതാനവും ഒരുങ്ങുന്നു. കെ വി സുമേഷ് എംഎൽഎയുടെ ബജറ്റ് പ്രൊപ്പോസലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ കോളജിന് അനുവദിച്ചത്.

ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ്‌സ്, മൈതാനത്തിനോടുർന്ന് നീന്തൽക്കുളം, അനുബന്ധ മുറികൾ, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടം എന്നിവയാണ് നിർമിക്കുക. നീന്തൽക്കുളത്തിന് അഞ്ച് ലൈൻ, ഫിൽറ്ററേഷൻ യൂണിറ്റ്, ചേഞ്ചിങ് റൂമുകൾ, ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. ഇരുനില ഹോസ്റ്റൽ കെട്ടിടമാണ് ഒരുങ്ങുക. വിദ്യാർഥികൾ പരിശീലനം നടത്തുന്ന മൈതാനം അത്യാധുനിക രീതിയിൽ നവീകരിക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. വരുന്ന ആഴ്ച തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

വോളിബോൾ, അമ്പെയ്ത്ത്, ഭാരോദ്വേഹനം, ഫുട്‌ബോൾ, ക്രിക്കറ്റ്, ഫെൻസിങ് എന്നിവയിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച കോളേജിന് ആധുനിക സ്റ്റേഡിയം മുതൽക്കൂട്ടാകും.
ഫുട്ബോൾ പരിശീലനം നടക്കുന്ന കളിക്കളത്തിൽ പിച്ചൊരുക്കിയാണ് നിലവിൽ ക്രിക്കറ്റ് പരിശീലനം. അമ്പെയ്ത്ത് പരിശീലനത്തിനും സൗകര്യം പരിമിതം. ഇവയെല്ലാം മറികടക്കാനാണ് കോളേജിൽ കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം വെക്കുന്നത്.

ഈ വികസന പ്രവർത്തനങ്ങൾ 50 വർഷത്തെ പാരമ്പര്യമുള്ള കോളജിന്റെ മുഖച്ഛായ തന്നെ മാറ്റും. ബുധനാഴ്ച ചേർന്ന യോഗത്തിൽ കെവി സുമേഷ് എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹൻ, കായിക വകുപ്പ് എൻജിനീയർ പ്രവിശങ്കർ, വൈശാഖ്, കോളേജ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *