Your Image Description Your Image Description

പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടും തൃക്കാക്കരയിലെ നഗ്നദൃശ്യവും പോലെ പാലക്കാട്ടെ ഹോട്ടലിലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ജില്ല സെക്രട്ടറിയാണോ പാലക്കാട് എസ്.പി? പൊലീസിന്റെ കയ്യിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സി.പി.എം ജില്ല സെക്രട്ടറി എങ്ങനെ കണ്ടെന്നും പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ലന്നും പാതിരാ നാടകത്തിലൂടെ നാണംകെട്ട് സി.പി.എം ഇപ്പോൾ ചെളിയിൽ കിടന്ന് ഉരുളുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ചിരിക്കാനുള്ള ഒരുപാട് വക സി.പി.എം നൽകുന്നുണ്ട്. ദിവ്യ കേസിൽ നവീൻ ബാബു മരിച്ച ശേഷം വ്യാജ പരാതി ഉണ്ടാക്കിയതു പോലെയാണ് നീല ട്രോളിയുടെ കഥ.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പണം ഇടപാട് നടന്നെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. ഇതു തന്നെയല്ലേ കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ കാര്യത്തിലും പറഞ്ഞിരുന്നത്. എന്നിട്ട് അവസാനം പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ സി.പി.എമ്മുകാരാണ് സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്നാണ് പറയുന്നത്. തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവ് നഗ്ന ദൃശ്യം പ്രചരിപ്പിച്ചുവെന്ന് പറഞ്ഞു. കേസെടുത്തോളാൻ പറഞ്ഞിട്ടും അന്ന് കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോൾ ആ കേസൊക്കെ എവിടെ പോയി. സി.പി.എമ്മുകാർ തന്നെയാണ് അതൊക്കെ പ്രചരിപ്പിച്ചത്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ കള്ളത്തരങ്ങളുമായി ഇറങ്ങും. എന്നിട്ട് നാണംകെട്ട് തിരിച്ചു പോകുകയാണെന്നും സതീശൻ വിമർശിച്ചു.

മന്ത്രിയും മന്ത്രിയുടെ അളിയനും ചേർന്ന് ഉണ്ടാക്കിയതാണ് ഈ ഗൂഢാലോചന മുഴുവനും. ഇതേക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്. രാഹുൽ കോഴിക്കോട് താമസിച്ച ഹോട്ടലിലും ഈ നീല ട്രോളിയുണ്ടാകും.അങ്ങനെ ഒരാൾ ട്രോളി കൊണ്ടുപോയെങ്കിൽ എന്തിനാണ് വനിതാ നേതാക്കളുടെ മുറി തെരഞ്ഞ് പിടിച്ച് പൊലീസ് കയറിയത്? ഞങ്ങളുടെ വനിതാ നേതാക്കളുടെ മുറിയിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പൊലീസിനെ വിട്ട് അവരെ അപമാനിച്ച മന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞ് റോഡിൽ ഇറങ്ങുന്നത് ഞങ്ങൾ കാണിച്ചു തരാം ഞങ്ങളുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയതിന് മറുപടി നൽകും. ഐ.ഡി പോലും ഇല്ലാത്തവരാണ് വനിത നേതാക്കളുടെ മുറി ചവിട്ടിത്തുറന്നത്. എല്ലാ ദിവസവും കൂടുന്ന യോഗമാണ് ഹോട്ടലിലെ ബോർഡ് റൂമിൽ കൂടിയത്. അതിന്റെ ചിത്രവുമുണ്ട്. ബോർഡ് റൂമിലെ സി.സി.ടി.വി ദൃശ്യം കൂടി എടുക്കാൻ പൊലീസിനോട് പറയണം. അപ്പോൾ നീല ട്രോളിയിലെ ഷർട്ടും മുണ്ടും കാണാൻ പറ്റും. വേറെ ബാഗിലേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതും സി.സി ടി.വിയിൽ കിട്ടും.ഇതുപോലെ വഷളായി നാണംകെട്ടുപോയൊരു മന്ത്രി കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ആ ഹോട്ടലിൽ താമസിക്കുന്ന എല്ലാ പാർട്ടിക്കാരും ട്രോളി ബാഗുമായാണ് വരുന്നതും തിരിച്ചു പോകുന്നതും കൊടകര കുഴൽപ്പണ കേസിൻ്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ സ്ക്രിപ്റ്റാണിത്. വനിതാ നേതാക്കളെ അപമാനിച്ചതിൽ വനിതാ കമീഷന് പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയിൻ്റ് അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകും. ഈ വിഷയത്തിൽ റിട്ട് പെറ്റിഷൻ നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *