Your Image Description Your Image Description

കൊച്ചി: വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങൾ കാട്ടുകയും ചെയ്തെന്ന കേസിൽ നോർത്ത് പറവൂർ സ്വദേശിക്കെതിരായ കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ് സാധാരണ സാന്നിധ്യമുണ്ടാകാറുള്ള പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. 2022 മേയ് മുന്നിന് കാറിലെത്തിയ പ്രതിയും മറ്റൊരാളും വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തെന്നാണ് ആരോപണം. ചോദ്യം ചെയ്‌തപ്പോൾ ഇരുവരും അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്നാണ് കേസ്. പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകി. തുടർന്ന്, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തൻ്റെ മൊബൈൽ ഫോണിൽനിന്ന് ഫോട്ടോ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷികൾക്ക് കേട്ടുകേൾവി മാത്രമാണുള്ളതെന്നും ഹരജിയിൽ ആരോപിക്കുന്നു.

പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ല. എന്നാൽ, ഇതേ സ്ഥലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *