Your Image Description Your Image Description

തലശ്ശേരി: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ദിവ്യയുടെ പ്രവൃത്തി ​ഗൗരവമുള്ളതാണെന്ന് തലശ്ശേരി സെഷന്‍സ് കോടതി.പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിപകർപ്പിലാണ് കോടതി ഇക്കാര്യം പറയുന്നത്.

38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകൾ ജാമ്യം നൽകുന്നതിന് കാരണമല്ലെന്നും ഹർജിക്കാരിയുടെ പ്രവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

താൻ പൊതുപ്രവർത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകൾ യാത്ര ചെയ്ത് പൊതുപ്രവർത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങൾ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതിലൊന്നും മുൻകൂർ ജാമ്യം അനുവദിക്കാനുള്ള സാധ്യതയല്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകാൻ സാധിക്കില്ല എന്നും വിധിപ്രസ്താവത്തിൽ പറയുന്നു. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി അവർ ചെയ്തിരിക്കുന്നത്.

അതിനുപിന്നിൽ ആസൂത്രണം നടത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ആൾക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തുക എന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത്. ഇത്തരം ഒരു കേസിൽ മുൻകൂർ ജാമ്യം നൽകുകയാണെങ്കിൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ട് ചെയ്യിപ്പിച്ച് മനപൂർവം വീഡിയോ പ്രചരിപ്പിച്ചു. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന് എന്ന അവസ്ഥയിലേക്ക് നവീനെ എത്തിച്ചു.ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യയ്ക്ക് വ്യക്തമായി മനസ്സിലാക്കിയിരുന്നു. അഴിമതി അറിഞ്ഞെങ്കിൽ പോലീസിനേയോ വിജിലൻസിനേയോ സമീപിക്കേണ്ടിയിരുന്നു. അതിനുപകരം ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തിൽ പരിഹസിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *