Your Image Description Your Image Description

മലപ്പുറം: കാലിന് പരിക്കേറ്റ കാട്ടാനയ്ക്ക്‌ ചികിത്സ നൽകി വനപാലകർ. കരുളായി വനം റേഞ്ചിലെ പട്ടുക്ക ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ നെടുങ്കയം വനത്തിൽ കണ്ട പത്തുവയസുളള കാട്ടാനയ്‌ക്കാണ് ചികിത്സ നൽകിയത്. പിടിയാനയ്‌ക്ക് വിദഗ്‌ധ സംഘമെത്തി മയക്കുവെടിവച്ച് ചികിത്സ നൽകുകയായിരുന്നു.

മുൻ ഭാഗത്തെ വലത് കാലിൽ വലിയ വൃണവുമായി നടക്കാൻ കഴിയാത്ത വിധത്തിലാണ് ആനയെ ഫീൽഡ് പരിശോധനയ്ക്കി‌ടെ വനപാലകർ കണ്ടെത്തിയത്. ഉടനെ നിലമ്പൂരിലെ വനം വെറ്റിനറി സർജനെ വിവരം അറിയിച്ചു. ആനയെ മയക്കുവെടിവച്ച് ചികിത്സ നൽകാനുള്ള അനുമതിക്കായി അന്ന് വൈകിട്ടോടെ തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് കൈമാറി.
രാവിലെയോടെ അനുമതി ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് വയനാട് ആർആർടിയിലെ വനം വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ, നിലമ്പൂർ ഫോറസ്റ്റ് അസിസ്റ്റൻ്റ് വെറ്റിനറി സർജൻ ഡോ. എസ് ശ്യാം, ഡോ. നൗഷാദലി എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്‌ധ സംഘം നെടുങ്കയത്തെത്തുകയും 11 മണിയോടെ മയക്കുവെടിവക്കുകയുമായിരുന്നു. അരമണിക്കൂറോടെ മയങ്ങിയ ആനയുടെ കാലിൽ ചികിത്സ നൽകുകി.

ആനകൾ തമ്മിലുള്ള സംഘർഷത്തിലാണ് പരുക്കേറ്റതെന്നാണ് നിഗമനം. മുൻഭാഗത്തെ വലതുകാലിൻ്റെ എല്ല് പൊട്ടി പുറത്ത് ചാടിയ അവസ്ഥയിലായിരുന്നു. ചികിത്സയ്ക്ക്‌ ശേഷം ആൻ്റിഡോസ് നൽകിയ ആന രണ്ടുമണിയോടെ മയക്കം വിട്ടുണർന്ന് നടന്ന് നീങ്ങിയതോടെ സംഘം കാടിറങ്ങി. ആനയെ നിരന്തം നിരീക്ഷിക്കാനായി പടുക്ക ഡെപ്യുട്ടി റേഞ്ച് ഓഫിസർ അംജിതിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. പരുക്കേറ്റ ആനയ്ക്ക്‌ ചുറ്റും തമ്പടിച്ച ആനക്കൂട്ടം ദൗത്യസംഘത്തിന് ഏറെ പ്രയാസം സൃഷ്‌ടിച്ചു.

പലവട്ടം സംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ ആർആർടി ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ, കരുളായി വനം റേഞ്ച് ഓഫിസർ പികെ മുജീബ് റഹ്‌മാൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രദേശത്തെ വനം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ദൗത്യത്തിൽ അംഗങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *