Your Image Description Your Image Description

കൊല്ലം: സ്വകാര്യമേഖലയിലെ കശുവണ്ടി തൊഴിലാളികള്‍ക്ക് കൂലിയും വരുമാനവും ഉറപ്പാക്കുന്നതിന് പിഎഫ്, ഇഎസ്ഐ എന്നിവയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായി നല്‍കാന്‍ തീരുമാനിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യവസായികളുമായി ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്‍റെ ഭാഗമായി 32 ഓളം കശുവണ്ടി ഫാക്‌ടറികളുടെ ഉടമകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയിലാണ് ഈ പ്രവര്‍ത്തനം. അടുത്തഘട്ടമായി ബാക്കിയുള്ള ഫാക്‌ടറികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രത്യേകം മുന്‍കൈയെടുത്ത് കമ്മിറ്റികള്‍ ചേര്‍ന്നതിന്‍റെയും കൂടി ഭാഗമായാണ് തീരുമാനം.
കശുവണ്ടി തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നല്‍കി വരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ കാഷ്യു കോര്‍പ്പറേഷന്‍, ക്യാപക്‌സ് തുടങ്ങിയവയും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നു. ഗ്രാറ്റുവിറ്റി കുടിശികകള്‍ എല്ലാം കൊടുത്തുതീര്‍ത്തു.

ആധുനികവത്കരണം അനിവാര്യമായതിനാല്‍ കശുവണ്ടി വ്യവസായ മേഖലയില്‍ യന്ത്രവത്‌കരണം ഉണ്ടായിട്ടുണ്ട്. ഇതിനായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്യാപിറ്റല്‍ സബ്‌സിഡി പദ്ധതി നടപ്പിലാക്കി. പലിശ നിരക്കിന്‍റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കിവരുന്നു. ഈ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കശുവണ്ടി മേഖല ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായ മേഖലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജും അനുവദിച്ചു.

അടിസ്ഥാന വിഭാഗങ്ങള്‍ ഏറ്റവുമധികം തൊഴിലെടുക്കുന്ന കശുവണ്ടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സജീവമായ പിന്തുണയും ഇടപെടലും ഉണ്ടാവും. തൊഴിലും ഫാക്‌ടറികളും ഉണ്ടാവേണ്ടത് അനിവാര്യമാണ്. കാര്‍ഷിക-പരമ്പരാഗത തൊഴില്‍ മേഖലകളിലെ വികസനത്തിന് കൂടുതല്‍ ഗവേഷണം നടത്തി തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തങ്ങളുടെ പൊതു ചെലവിന്‍റെ ഒരു ഭാഗം സര്‍ക്കാരിന്‍റെ സബ്‌സിഡിയായി തൊഴിലാളിക്ക് ലഭിക്കുകയും അതുവഴി വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന വലിയ പദ്ധതിയാണിതെന്ന് കശുവണ്ടി വ്യവസായികള്‍ അഭിപ്രായപ്പെട്ടു. കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെഎസ് ശിവകുമാര്‍, സംസ്ഥാന കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ സുഭഗന്‍, കെഎസ്‌സിഡിസി മാനേജിങ് ഡയറക്‌ടര്‍ സുനില്‍ കെ ജോണ്‍, വ്യവസായ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കശുവണ്ടി തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *