Your Image Description Your Image Description

കാഞ്ഞങ്ങാട്: ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും.അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിനെയാണ്കാസര്‍ഗോാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്.

അഡൂര്‍ കാട്ടിക്കജെ മാവിനടിയില്‍ താമസിക്കുന്ന ചിതാനന്ദനെ 2019 ഫെബ്രുവരി ഏഴി ന് ഉച്ചക്ക് രണ്ടു മണിയോടെ അഡൂര്‍ റിസര്‍വ്വ് ഫോറസ്റ്റില്‍പ്പെട്ട വെള്ളക്കാന ഐവര്‍ക്കുഴി എന്ന സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.

തലേ ദിവസം വൈകുന്നേരം ആറര മണിക്ക് സംഭവസ്ഥലത്തുവെച്ച് പ്രതി ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയില്‍ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടതിന്റെ തലേ ദിവസം സംഭവസ്ഥലത്തു വച്ച് കൊല്ലപ്പെട്ട ചിതാനന്ദനെയും പ്രതിയെയും ഒരുമിച്ചു കണ്ട ദിനേശന്‍, നാഗേഷ് എന്നിവരുടെ സാക്ഷിമൊഴികളും, സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ചിതാനന്ദന്റെ രക്തം പുരണ്ട പ്രതിയുടെ തോര്‍ത്തും, പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസില്‍ നിര്‍ണ്ണായക തെളിവുകളായി.
അതേസമയം,പ്രതിയായ ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലില്‍ നിന്നും ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്.കൊല്ലപ്പെട്ട ചിതാനന്ദന്‍ പ്രതിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം.

പ്രോസിക്യൂഷന്‍ കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് എ.വി.ജോണ്‍, എം.എ.മാത്യു എന്നീ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.പ്രേംസദനുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ലോഹിതാക്ഷന്‍, അഡ്വ.ആതിര ബാലന്‍ എന്നിവര്‍ ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *