Your Image Description Your Image Description

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അനിഷ്ടസംഭവങ്ങൾ ആണ് അരങ്ങേറിയത്. പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങൾ ഏവരെയും കൗതുകമുണർത്തുന്ന ഒന്നായിരുന്നു.

ചോദ്യത്തോര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. പെട്ടെന്ന് പ്രതിഷേധത്തിന് നേർക്ക് മുഷ്‌ഠി മടക്കി നടന്ന ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽ തന്നെ മുഖ്യമന്ത്രി തടയുകയായിരുന്നു. ശിവൻ കുട്ടിയുടെ കൈയിൽ തട്ടിയ മുഖ്യമന്ത്രി അരുതെന്ന് സൂചന നൽകി. ഉടൻ തന്നെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ‌്തു.

മന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ നടന്ന കയ്യാങ്കളിയിലും ശിവൻകുട്ടി പ്രതിയാണ്. 2015 മാർച്ച് 13നാണ് കയ്യാങ്കളിയുണ്ടായത്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഭയിൽ ഇടതു പ്രതിഷേധം. ആക്രമണത്തിലൂടെ സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികൾ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘർഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ സഭയിൽ ഉണ്ടായത്. സ്പീക്കർ എ.എൻ.ഷംസീറിന്റെ മുന്നിൽ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഡയസിലേക്കു കയറാൻ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അദ്ദേഹത്തെ തടഞ്ഞു. തുടർന്ന് കൂടുതൽ പ്രതിപക്ഷ എംഎൽഎമാർ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആൻഡ് വാർഡ് തടയുന്ന സ്ഥിതിയുണ്ടായി.

ഇതിനിടെ സ്പീക്കർ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കൈയിൽ പിടിച്ച് പിന്നോട്ടു വലിച്ചു.

മുഖ്യമന്ത്രി നൽകിയ സൂചന മനസിലാക്കിയ ശിവൻകുട്ടി തിരികെ സീറ്റിലേക്കു മടങ്ങുകയായിരുന്നു. ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നിൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടർന്നു. ഇതോടെ ഭരണകക്ഷി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *