Your Image Description Your Image Description

തൃക്കാക്കര നിയോജക മണ്ഡലതല നവകേരള സദസ്സിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ സി.എം. ദിനേശ് മണി പറഞ്ഞു. നവകേരള സദസ്സിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച (ജനുവരി 1 ന് ) ഉച്ചയ്ക്ക് 3 ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലം നവകേരള സദസ്സ് നടക്കുക. സദസ്സിൽ പങ്കെടുക്കാൻ എത്തുന്ന പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കുന്നതിനായി 27 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എയർപോർട്ട് റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിന് സമീപമാണ് നിവേദന കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ നിവേദനങ്ങൾ സ്വീകരിക്കും. പതിനായിരത്തിൽ പരം ആളുകളെ ഉൾക്കൊള്ളും വിധത്തിലാണ് വേദിയൊരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികൾ, സാമൂഹ്യ പരിഷ്കർത്താക്കൾ, സാംസ്കാരിക നായകർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വേദിയ്ക്ക് ചുറ്റും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

സദസ്സിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ട്, പാട്ടുപുരയ്ക്കൽ ക്ഷേത്ര മൈതാനം, ഭാരത് മാത കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യഘട്ടത്തിൽ രാജഗിരി കോളേജ് മൈതാനവും ഉപയോഗപ്പെടുത്തും.

നവ കേരള സദസ്സ് ആരംഭിക്കുന്നതിനു മുൻപ് വേദിയിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വൈവിധ്യമാർന്ന പരിപാടികളാണ് മണ്ഡലത്തിൽ സംഘടിപ്പിച്ചത്. സമൂഹത്തിലെ വിവിധ മേഖലകളിലെ ജന വിഭാഗങ്ങളുമായി ചർച്ച നടത്തി. സെമിനാറുകൾ, കലാ പരിപാടികൾ, കായിക മത്സരങ്ങൾ, വിളംബര ജാഥകൾ, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികളിൽ നിരവധിപേർ പങ്കെടുത്തു. വിദഗ്ധരുമായി നടത്തിയ സംവാദത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തും.

കാക്കനാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ ബി.അനിൽകുമാർ, രക്ഷാധികാരി അഡ്വ. എ. ജി ഉദയകുമാർ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, പി.വി ബേബി, സംഘാടകസമിതി ഭാരവാഹികളായ സി.കെ പരീത്, കെ.ആർ ജയചന്ദ്രൻ, ഉദയൻ പൈനാക്കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *