Your Image Description Your Image Description

കോഴിക്കോട് : കുടുംബശ്രീയുടെ മാതൃകയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ശാക്തീകരണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് ഭിന്നശേഷി സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നേതൃത്വത്തിൽ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം കോഴിക്കോട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

പുതിയ സംരംഭം ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് വിപണി കണ്ടെത്തൽ, അവ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കൽ എന്നിവ പ്രാവർത്തികമാക്കി ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്ന ഒന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ’ എന്നതാണ് ഭിന്നശേഷി വിഭാഗത്തോടുള്ള സംസ്ഥാന സർക്കാർ നയം. ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പരിപാടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ മാർഗത്തിൽ സർക്കാറിനോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുകയാണ് ഭിന്നശേഷിക്ഷേമ കോർപ്പറേഷനെന്ന് മന്ത്രി പ്രശംസിച്ചു.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിവിധ ഏജൻസികൾ മുഖേന നൽകിവരികയാണ്. സഹായ ഉപകരണങ്ങൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി മദ്രാസ് ഐഐടി യുമായി ചേർന്നു കൊണ്ട് വിവിധ പരിപാടികളിൽ സാമൂഹ്യനീതി വകുപ്പ് സഹകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ 130 ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഇതിൽ 25,000 രൂപ വീതം ഫിക്സഡ് ഡെപ്പോസിറ്റ് ലഭിച്ച 25 വിദ്യാർഥികളും ഉൾപ്പെടും.

ബഗ്ഗീസ്, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ, സി.പി വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, ഹോൾഡിങ് വാക്കർ, റിക്ലൈനിങ് വീൽചെയർ, ഹൈടെക് നീക്യാപ്, സി.പി വുഡ്ഡൻ ചെയർ, കൃത്രിമ കാൽ എന്നിവയാണ് വിതരണം ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *