Your Image Description Your Image Description

   കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ് ഇടുക്കി ജില്ലയുടെ കവാടമായ തൊടുപുഴയിൽ സ്ഥിതി ചെയ്യുന്ന തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം. ശിശു സംരക്ഷകനായി അറിയപ്പെടുന്ന തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും നമുക്ക് നോക്കാം…

ഇടുക്കിയിലെ പ്രധാനപ്പെട്ട ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തൊടുപുഴ നഗരത്തിൽ തൊടുപുഴയാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്.

ഒരുപാട് പ്രത്യേകതകളും അപൂർവ്വതകളും ഈ ക്ഷേത്രത്തിനുണ്ട്. ബകവധത്തിനു ശേഷം സഹിക്കുവാൻ കഴിയാത്ത വിശപ്പുമായി നിൽക്കുന്ന ബാലകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയം പോലും ശ്രീ കൃഷ്ണന് വിശപ്പ് സഹിക്കുവാൻ സാധിക്കില്ലത്രെ. അതുകൊണ്ടു തന്നെ രാവിലെ ശ്രീ കോവിൽ തുറക്കുമ്പോൾ മേൽശാന്തി കയ്യിൽ നിവേദ്യവും കരുതാറുണ്ട്. ആഹാരം ചോദിക്കുന്ന ഭാവം ക്ഷേത്രത്തിന്‍റെ ഉല്പത്തിയെക്കുറിച്ചും ഇവിടെ ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് വലിയ വനമായിരുന്നുവത്രെ ഇവിടം. യോഗികൾ തപസ്സു ചെയ്തും മറ്റും നിലനിന്നിരുന്ന ഇവിടം ഒരു പുണ്യഭൂമിയായിരുന്നു. അക്കാലത്താണ് പാർവ്വതി ദേവി ഇവിടെ പ്രത്യക്ഷപ്പെട്ട് തന്റെ സാന്നിധ്യം ഇവിടെ ചിരകാലം ഉണ്ടായിരിക്കുമെന്ന് അറിയിച്ചത്. പിന്നീട് ഇവിടെ വിഷ്ണു സാന്നിധ്യവും ഉണ്ടായിരുന്നു.

ഇതേ സമയത്ത് കുറച്ച് അകലെ മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. ഇന്നത്തെ തലയോലപ്പറമ്പിന് സമീപത്തുള്ള ലക്ഷ്മി ഗ്രാമിലുള്ള ഒരു യോഗിക്ക് ശ്രീ കൃഷ്ണൻ സ്ഥിരമായി ദർ‍ശനം നല്കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ എന്തോ പ്രവർത്തിയിൽ അസംതൃപ്തി തോന്നിയ ശ്രീകൃഷ്ണൻ അവിടെ നിന്നും അപ്രത്യക്ഷനായി. വർഷങ്ങളോളം ആ യോഗി ശ്രീ കൃഷ്ണനെ തിരഞ്ഞ് നടന്നിരുന്നുവെങ്കിലും അദ്ദേഹം പ്രത്യക്ഷനായില്ല. നാളുകൾക്കു ശേഷം ഒരിക്കൽ ഇന്നത്തെ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു വച്ച് ബക വധാനന്തരം വിശന്നു അമ്മയോട് ആഹാരം ചോദിക്കുന്ന ഭാവത്തിൽ യോഗിക്ക് മുൻപിൽ ശ്രീ കൃഷ്ണൻ പ്രത്യക്ഷനായി എന്നാണ് വിശ്വാസം.

ബാലരോഗങ്ങൾ അകലാൻ

ബാല രോഗങ്ങൾ  ഇവിടെ എത്തി പ്രാർഥിച്ചാൽ അകലും എന്നുമൊരു വിശ്വാസമുണ്ട്. കുട്ടികൾക്കുണ്ടാകുന്ന പേടികൾ, രാത്രികാലങ്ങളിലെ കരച്ചിലുകൾ. ദുസ്വപ്നം കാണൽ, രാപ്പനി, മറ്റു ബാലരോഗങ്ങൾ, എത്ര ചികിത്സിച്ചിട്ടും മാറാത്ത അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ഇവിടെവന്നു പ്രാർഥിച്ചാൽ മതിയത്രെ. ഇതിനായി പുള്ളും പ്രാവും സമർപ്പിക്കുന്നതാണ് ഇവിടുത്തെ ആചാരം. വെള്ളി കൊണ്ട് നിർമ്മിച്ച് പുള്ളും പ്രാവും അല്ലെങ്കിൽ പുള്ളും മുട്ടയും ഇവിടെ സമർപ്പിച്ചാൽ ബാലരോഗങ്ങൾക്ക് എല്ലാം പരിഹാരമാണത്രെ. ഇത് കൂടാതെ കുട്ടികളെ അടിമ കിടത്തുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്. ഇവിടെ ശ്രീ കൃഷ്ണന് രണ്ട് പിറന്നാളുകളാണുള്ളത്. അഷ്ടമിരോഹിണിക്കു പുറമെ മീനമാസത്തിലെ ചോതി യിലാണ് പിറന്നാൾ ആചരണം. മീനത്തിലെ ചോതി നക്ഷത്രത്തിൽ ക്ഷേത്രത്തിൽ ചോതിയൂട്ടു നടക്കുന്നു.യോഗിക്ക് ശ്രീ കൃഷ്ണൻ പിന്നീട് ദർശനം നല്കിയ ദിവസമാണത്രെ മീനത്തിലെ ചോതി. ചോതിയൂട്ട് എന്നാണ് ഇവിടുത്തെ ചോതിനാളിലെ പിറന്നാൾ സദ്യയ്ക്ക് പറയുന്നത്. പ്രധാന ആഘോഷങ്ങള്‍
ശ്രീ കൃഷ്ണനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതിൽ ഏറ്റവും പ്രധാനം അഷ്ടമി രോഹിണിയാണ്. ഇത് കൂടാതെ നവരാത്രി ആഘോഷം, മണ്ഡല കാലം, തിരുവോണം ഊട്ട്, തുടങ്ങിയവയും ഇവിടെ നടത്താറുണ്ട്.

തൊടുപുഴയാർ പ്രദക്ഷിണം വയ്ക്കുന്ന ക്ഷേത്രം

നിർമ്മാണത്തിലും ഒരുപാട് പ്രത്യേകതകൾ ഇവിടെ കാണാം. തമിഴ് ശൈലിയിലാണ് ക്ഷേത്ര ഗോപുരം നിർമ്മിച്ചിരിക്കുന്നത്. കേരളീയ ശൈലിയിലുള്ള ഗോപുരവും ഇവിടെയുണ്ട്. ആനപ്പന്തൽ, സ്വർണ്ണ കൊടിമരം, ബലിക്കൽപുരയിൽ യോഗീശ്വരന്റെ മടിയിൽ കളിക്കുന്ന ഉണ്ണികൃഷ്ണന്റെ ചിത്രം, .രണ്ടു നിലയിൽ ചെമ്പോല മേഞ്ഞ ശ്രീകോവിൽ, ചതുർബാഹുവായ വിഷ്ണു വിഗ്രഹത്തിൽ ശ്രീകൃഷ്ണ ഭാവത്തിലുള്ള ഭഗവാൻ തുടങ്ങിയവ ഇവിടെ മാത്രം കാണുവാൻ സാധിക്കുന്ന പ്രത്യേകതളാണ്.കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ഇവിടെ തൊടുപുഴയാർ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചാണ് ഒഴുകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദിവസവും അഞ്ച് പൂജകളും നിത്യശീവേലിയും ദീപാരാധനയും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *