Your Image Description Your Image Description

ഗണപതി ഭഗവാന് മുന്നിൽ നാളികേരം ഉടച്ചാൽ സർവ്വ വിഘ്നങ്ങളും അകലുമെന്നാണ് വിശ്വാസം. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഒഴിവാക്കാകാത്ത ഒന്നാണ് നാളികേരം. ശബരിമലയ്ക്ക് പോകുന്നവർ ഗണപതിക്ക് നാളികേരം ഉടച്ചാണ് തീർഥയാത്ര തുടങ്ങുന്നത്. അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയിൽ നിറച്ചാണ് കൊണ്ടുപോകുന്നത്. പൂർണ കുംഭത്തിൽ മധ്യത്തിലായി വയ്ക്കുന്നതും നാളികേരമാണ്.

 

പൂജകളിൽ ചകിരി നീക്കിയ തേങ്ങ ശിവനായി സങ്കൽപ്പിച്ച് പൂജിക്കാറുണ്ട്. താംബുല പ്രശ്നത്തിൽ നാളികേരം നിമിത്തമായി എടുക്കുന്നു. ചകിരി മാറി ഒരു കണ്ണ് തുറന്നിരിക്കുന്ന രീതിയിലായാൽ ശിവകോപമായി കണക്കാക്കുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് കല്ലിടീൽ ചടങ്ങിന് നാളികേരം ഉടച്ചതിൽ ഒരു പകുതിൽ തേങ്ങാവെള്ളത്തിൽ ഒരു പൂവിട്ട് നിമിത്തം നോക്കി ഫലം പറയുന്ന സമ്പ്രദായവും നിലവിലുണ്ട്.

പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളിൽ ‘മുട്ടറുക്കൽ’ എന്ന പൂജ നടത്തുന്നതും നാളികേരം കൊണ്ടാണ്. അയ്യപ്പക്ഷേത്രങ്ങളിൽ ശനിദോഷം മാറാനായി നടത്തുന്ന നീരാഞ്ജനവും തേങ്ങയിൽ എള്ളുകിഴി കത്തിച്ചാണ്. ചില ക്ഷേത്രങ്ങളിൽ നാളികേരത്തിന്റെ മുകളിൽ ഒരു തിരി കത്തിച്ചുവച്ച് അതിനെ മൂന്നു പ്രാവശ്യം വെട്ടുകത്തി കൊണ്ട് വെട്ടുന്നു. ഇതിലൂടെ ശത്രുദോഷം മാറുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *