Your Image Description Your Image Description

ദക്ഷിണ കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ എന്ന തീര്‍ത്ഥഭൂമിയിലുള്ള മൂകാംബികാ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ ദേവി. കേരളീയരായ ഭക്തര്‍ക്ക് ‘മൂകാംബിക’ എന്ന പദം ക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയെ കുറിക്കുന്നതും അവിടെ കുടികൊള്ളുന്ന ദേവീചൈതന്യത്തെ കുറിക്കുന്നതും ക്ഷേത്രത്തെ കുറിക്കുന്നതുമായ പദവുമാണ്.

ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍ മൈസൂരിലുള്ള ശ്രീചാമുണ്ഡേശ്വരീ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയെ കേരളത്തിന്റെ നന്മയ്ക്കായി കേരളത്തിലേയ്ക്കു ക്ഷണിച്ചു. ഭക്തവത്സലയായ ദേവി ആ ക്ഷണം സ്വീകരിച്ചു. ദേവി കേരളത്തിലേക്ക് ശങ്കരാചാര്യരെ അനുഗമിക്കാന്‍ തയ്യാറായി. യാത്ര തിരിക്കുമ്പോള്‍, താന്‍ പിന്നാലെ ഉണ്ടാകുമെന്നും യാതൊരു കാരണവശാലും തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോകണമെന്നും ദേവി നിര്‍ദ്ദേശിച്ചു. കേരളത്തിലെത്തുന്നതുവരെ ഒരു മൂലമന്ത്രം മനസ്സില്‍ ഉറപ്പിച്ചു ജപിച്ചുകൊണ്ട് സ്വാമികള്‍ യാത്ര തിരിച്ചു. അദ്ദേഹത്തിനു കേള്‍ക്കത്തക്കവണ്ണം ദേവിയുടെ കാല്‍ത്തളകള്‍ കിലുങ്ങുന്ന ശബ്ദം പുറപ്പെട്ടിരുന്നതുകൊണ്ട് ദേവി പിന്നാലെയുണ്ടെന്ന് സ്വാമികള്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു.

എന്നാൽ, ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കുടജാദ്രിയിൽ എത്തിയപ്പോള്‍ അവിടെ വസിച്ചിരുന്ന മൂകന്‍ എന്ന അസുരന്‍ തട്ടകത്തില്‍ കടന്നുവന്ന സന്ന്യാസിയെ വധിക്കാനായി ആയുധമുയര്‍ത്തിക്കൊണ്ട് സ്വാമിയുടെ പിന്നിലെത്തി. ആയുധമുയര്‍ത്തിയ മൂകാസുരനെ ചാമുണ്ഡേശ്വരി തന്റെ ശൂലംകൊണ്ടു വധിച്ചു. അതിനായി ഒരു നിമിഷം ദേവിക്കു നില്‍ക്കേണ്ടി വന്നു. ദേവിയുടെ കാല്‍ച്ചിലമ്പിന്റെ കിലുക്കത്തിന്റെ താളത്തിനൊത്ത് സ്വാമികള്‍ നടത്തിയിരുന്ന മന്ത്രജപം തടസ്സപ്പെട്ടു. അദ്ദേഹം ദേവിയുടെ നിര്‍ദ്ദേശം ഓര്‍ക്കാതെ തിരിഞ്ഞു നോക്കി. മൂകാസുരന്‍റെ ജഡം ശൂലത്തില്‍ കോര്‍ത്തു നില്‍ക്കുന്ന മഹാദേവിയെയാണ് പ്രത്യക്ഷമായി കണ്ടത്. തന്റെ നിർദ്ദേശം ലംഘിച്ചതുകൊണ്ട് ഇനി മുന്നോട്ടില്ലെന്നും അവിടെത്തന്നെ കൂടികൊള്ളുകയാണെന്നും ദേവി സ്വാമികളെ അറിയിച്ചു.

കേരളത്തെ അനുഗ്രഹിക്കാനായി കേരളത്തിലേയ്ക്കു നോക്കി ഇരിക്കാമെന്നും അവിടെയിരുന്നുകൊണ്ട് കേരളത്തിന്‍റെ വിദ്യാദേവതയായി വര്‍ത്തിക്കാമെന്നും ദേവി സ്വാമികളെ അറിയിച്ചു. താന്‍ തിരിഞ്ഞു നോക്കാനിടയായത് ദേവീഹിതമാണെന്നറിഞ്ഞ സ്വാമികള്‍, ദേവിയെ അടുത്തു കണ്ട ശിവലിംഗാകൃതിയുള്ള ശക്ഷണശിലയില്‍ താന്‍ ജപിച്ചിരുന്ന മൂലമന്ത്രംകൊണ്ടു പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞ് അടുത്തുണ്ടായിരുന്ന ഒരു ശിലാഫലകത്തിലിരുന്ന് മൂലമന്ത്രംകൊണ്ട് സ്വാമികള്‍ ദേവിയെ ആരാധിച്ചു. സ്വാമികള്‍ ഇരുന്ന ശിലാഫലകം ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കാണാം.

പ്രതിഷ്ഠ കഴിഞ്ഞയുടൻ കേരളത്തില്‍ നിന്ന് ഒരു യോഗി അവിടെയെത്തി ദേവിയെ പൂജിച്ചു. കേരളത്തിന്‍റെ വിദ്യാദേവതയായി ദേവി എപ്പോഴും അവിടെയുണ്ടാകുമെന്നും വിദ്യാവ്യസനികളായ കേരളീയര്‍ എന്നും അവിടെ ഉണ്ടാകുമെന്നും കേരളീയരായ ആരും ദര്‍ശനത്തിനെത്താത്ത ദിവസമുണ്ടായാല്‍ അന്ന് ദേവി കേരളത്തിലെത്തുമെന്നും യോഗി പ്രവചിച്ചു എന്നുമാണ് കഥ. കേരളീയരായ ഭക്തര്‍ എത്തിച്ചേരാത്ത ദിവസം ഉണ്ടാകാത്തതുകൊണ്ട് ദേവി അവിടെയിരുന്നു കേരളത്തെ അനുഗ്രഹിക്കുന്നു. മൂകാസുരനെ വധിച്ചതുകൊണ്ട് ‘മൂകാംബിക’ എന്നും ദേവിക്ക് പേരുണ്ടായി.

മൂകാസുരവധം മൂകാസുരന് രണ്ടുതരത്തില്‍ അനുഗ്രഹമായി. ശിവനെ നിന്ദിക്കാന്‍വേണ്ടി ദക്ഷന്‍, താൻ നടത്തുന്ന യാഗത്തിന് മറ്റെല്ലാ ദേവന്മാരെയും ക്ഷണിച്ചു വരുത്തി ആദരിച്ചു. ശ്രീപരമേശ്വരനെയും അദ്ദേഹത്തിന്‍റെ പത്‌നിയും ദക്ഷന്‍റെ പുത്രിയുമായ സതീദേവിയെയും മാത്രം ക്ഷണിച്ചില്ല.

അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാനും അവിടെ എത്തിയിട്ടുള്ള തന്‍റെ സഹോദരിമാരെയും ബന്ധുക്കളെയും കാണാനുമുള്ള ആഗ്രഹംകൊണ്ട് സതീദേവി ഭര്‍ത്താവിനെ കൂടാതെ യാഗശാലയിലെത്തി. ക്ഷണിക്കാതെ ചെന്നെത്തിയ പുത്രിയെ ദക്ഷന്‍ അധിക്ഷേപിച്ചു. കൂടാതെ ശ്രീപരമേശ്വരനെ നിന്ദിക്കുകയും ചെയ്തു. അപമാനിതയായ സതീദേവി ആ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞു കോപിച്ച ശ്രീപരമേശ്വരന്‍ തന്‍റെ ജടകളിലൊന്ന് പറിച്ചെടുത്തു നിലത്തടിച്ചു. അതില്‍നിന്നും ‘വീരഭദ്രന്‍’ എന്ന ശക്തനായ യോദ്ധാവുണ്ടായി. ദക്ഷന്റെ യാഗം മുടക്കാന്‍ വീരഭദ്രനെ ഭഗവാന്‍ നിയോഗിച്ചു.

ഭൂതഗണങ്ങളോടൊപ്പം യാഗശാലയിലെത്തിയ വീരഭദ്രന്‍, ദക്ഷന്‍റെ ശിരസ്സു മുറിച്ചെടുത്ത് അഗ്നിയില്‍ ഹോമിച്ചു. ദക്ഷന്‍റെ ക്ഷണപ്രകാരം അവിടെയെത്തിയിരുന്ന യജ്ഞാചാര്യന്മാരായ മുനിമാരെ പലതരത്തില്‍ അംഗഭംഗം വരുത്തുകയും പലരെയും വധിക്കുകയും ചെയ്തു. ദേവന്മാരെ പലതരത്തില്‍ നിന്ദിച്ചു. ഇവിടെ ദക്ഷന്‍ മാത്രമായിരുന്നു ശിക്ഷാര്‍ഹന്‍. ദക്ഷന്‍റെ ക്ഷണമനുസരിച്ചെത്തിയവരും ആജ്ഞ അനുസരിച്ചവരും നിരപരാധികളായിരുന്നു. നിരപരാധികളായ ഞങ്ങളെ നിന്ദിച്ച നീ മൂകനും രാക്ഷസനെപ്പോലെ പെരുമാറിയതിനാല്‍ രാക്ഷസനുമായിത്തീരട്ടെ എന്ന് മുനിമാര്‍ വീരഭദ്രനെ ശപിച്ചു.

തന്‍റെ തെറ്റു തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ച പറഞ്ഞ വീരഭദ്രനെ “പരാശക്തി നിനക്ക് സ്വന്തരൂപവും ഭാഷണശക്തിയും ദേവിയെ സദാ സേവിക്കാനുള്ള അനുഗ്രഹവും തരും” എന്ന് അനുഗ്രഹിച്ച് മുനിമാർ ശാപമോക്ഷവും കൊടുത്തു.

തുടർന്ന് വീരഭദ്രന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. വിഷ്ണുഭഗവാന്‍ തന്‍റെ വാഹനമായ ഗരുഡനോട് മൂകനെ സഹായിക്കാന്‍ നിര്‍ദ്ദേശിച്ചു. മൂകനും ചലനശക്തിയില്ലാത്തവനുമായി ജനിച്ച വീരഭദ്രനെ ഗരുഡന്‍ കുടജാദ്രിയിലെത്തിച്ചു. സുപര്‍ണ്ണനായ ഗരുഡന്‍ മൂകന് മഹാദേവിയുടെ മൂലമന്ത്രം ഉപദേശിച്ചു. മഹാമേരു പര്‍വതത്തിന്‍റെ ശ്രീചക്രാകൃതിയിലുള്ള ഒരു ശിഖരം അടര്‍ത്തിയെടുത്ത് കുടജാദ്രിയുടെ താഴ്‌വാരത്തു പ്രതിഷ്ഠിച്ച്, അതിനെ മാനസപൂജാക്രമത്തില്‍ പൂജിക്കാന്‍ ഗരുഡന്‍ മൂകനെ പഠിപ്പിച്ചു.

മേരുചക്രത്തില്‍ അഭിഷേകം നടത്താന്‍ മൂകന് കഴിവില്ലാത്തതുകൊണ്ട് ഗരുഡന്‍ സ്വര്‍ഗ്ഗഗംഗയുടെ കാരുണ്യത്തിനപേക്ഷിച്ചു. ദേവി ഒരു നീര്‍ച്ചാലായി കുടജാദ്രിയില്‍ ഉത്ഭവിച്ച് മേരുശൃംഗത്തെ വലംവച്ചൊഴുകിപ്പെരുകി. അത് സൗപര്‍ണ്ണികാതീര്‍ത്ഥമായി ഇപ്പോഴും ശ്രീചക്രത്തെ സദാ അഭിഷേകിക്കുന്നു. ഗംഗാ പ്രവാഹത്തില്‍ മുഴുകിയ മേരുശൃംഗത്തെ ഭൂമിദേവി മുത്തുകൊണ്ടുമറച്ചു. ചക്രത്തിന്‍റെ ബിന്ദുസ്ഥാനം ശിവലിംഗരൂപത്തില്‍ ഉയര്‍ന്നുനിന്നു. മേരുചക്രത്തിന്‍റെ ശൃംഗത്തില്‍ ശിവസമേതം വിരാജിക്കുന്ന മഹേശ്വരിയെ നിരാഹാരനായി ഏകാഗ്രചിത്തനായി മൂകന്‍ ആരാധിച്ചു.

ശങ്കരാചാര്യരെ വധിക്കാന്‍ ആയുധമുയര്‍ത്തിയ മൂകാസുരന് ദേവിയുടെ ശൂലാഘാതമേറ്റതോടെ പഴയരൂപവും ഭാഷണശക്തിയും തിരിച്ചുകിട്ടി. ദേവിയുടെ പരിചാരകനും അംഗരക്ഷകനുമായി സ്വാമികള്‍ വീരഭദ്രനെ ദേവിയുടെ പീഠത്തിനടുത്തു പ്രതിഷ്ഠിച്ചു. മൂകാംബികാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ വീരഭദ്രനെ ദര്‍ശിച്ച് അനുവാദം വാങ്ങിയശേഷം ദേവിയെ ദര്‍ശിക്കണമെന്നാണു ക്ഷേത്രാചാരം. മൂകാസുരനു മോചനവും വാക്കും കൊടുത്തു വീര്‍ഭദ്രനാക്കിയതിനാല്‍ ദേവിക്ക് മൂകാംബിക എന്നുപേര്.

ആ സുമേരു ശൃംഗത്തെയാണ് മൂകാംബികാക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഭക്തര്‍ക്കു കണ്ടു വന്ദിക്കാനുള്ള സൗകര്യത്തിനായി ചതുര്‍ബാഹുവായ ഒരു അലങ്കാരവിഗ്രഹത്തെ മൂലവിഗ്രഹത്തിനു പിന്നിലായി ശങ്കരാചാര്യ സ്വാമികള്‍ പ്രതിഷ്ഠിച്ചു. പൂജ ശ്രീചക്രബിന്ദുവായ ശിവലിംഗത്തിനാണ് ആ ശിവലിംഗത്തില്‍ ശിവശക്തികളുടെ ഐക്യരൂപത്തില്‍ മൂകാംബിക ലോകാനുഗ്രഹദാത്രിയായി വിളങ്ങുന്നു.

ശിവലിംഗത്തിന്‍റെ മുകള്‍ഭാഗത്ത് ലിംഗാഗ്രത്തെ രണ്ടായി പകുക്കുന്ന ഒരു സുവര്‍ണരേഖയുണ്ട്. രേഖയുടെ ഇടതുഭാഗം വലുതും വലതുഭാഗം ചെറുതുമാണ്. ശിവശക്തികളില്‍ ശക്തിക്കാണ് പ്രാധാന്യം കൂടുതലെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. ഇടതുഭാഗം – മഹാലക്ഷ്മി, മഹാഗൗരി, മഹാസരസ്വതി എന്നീ ദേവിമാരുടെ ഐക്യം രൂപം പൂണ്ട പരാശക്തിയും വലതുഭാഗം പരബ്രഹ്മസ്വരൂപമായ സദാശിവനുമാണ്.

ഏകാഗ്രചിത്തനായി മേരുചക്രത്തെ വളരെക്കാലം പൂജിച്ചപ്പോള്‍ ദേവി വീരഭദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവീദര്‍ശനം ലഭിച്ചതോടെ വീരഭദ്രന്‍റെ കര്‍മ്മദോഷങ്ങളും പാപങ്ങളും നശിച്ചു. ജ്ഞാനപ്രകാശം ഉള്ളിലുണര്‍ന്നപ്പോള്‍ അംഗവൈകല്യങ്ങള്‍ ഇല്ലാതെയായി. മൂകത നശിച്ചു. മൂകനായിരുന്ന ഭക്തന്‍ അതിമനോഹരമായ അനേകം ശ്ലോകങ്ങള്‍ കൊണ്ടു ദേവിയെ സ്തുതിച്ചു. ശ്ലോകങ്ങള്‍ ചൊല്ലിത്തീര്‍ന്നപ്പോള്‍ വീരഭദ്രനു പൂര്‍വരൂപവും ശക്തിപ്രഭാവങ്ങളും ഉണ്ടായി. ദേവിയുടെ അംഗരക്ഷകനെന്ന പദവി ലഭിച്ച വീരഭദ്രന്‍റെ പ്രതിഷ്ഠ ശ്രീചക്രബിന്ദുരൂപമായ മൂലവിഗ്രഹത്തിനടുത്തായി ക്ഷേത്രത്തില്‍ കാണാം. ഈ ഐതിഹ്യത്തില്‍ ശ്രീ ചക്രപ്രതിഷ്ഠ നടത്തുന്നത് സൂപര്‍ണ്ണനായ ഗരുഡനാണ്.

ശങ്കരാചാര്യസ്വാമികള്‍ അലങ്കാരവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. തന്‍റെ ഭാരതപര്യടനത്തിനിടയില്‍ മൂകാംബികയിലെത്തിയ ശങ്കരാചാര്യര്‍ മൂലവിഗ്രഹത്തിനടുത്തുണ്ടായിരുന്ന ഒരു പാറയിലിരുന്ന് ദേവിയെ ആരാധിച്ചിരുന്നു. ശങ്കരപീഠമായി ആ സ്ഥലം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. സ്വാമികള്‍ കുടജാദ്രിയിലെ ഒരു ഗുഹയിലും കുറച്ചുനാള്‍ തപസ്സുചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു.

മൂകന്മാരായവര്‍ ദേവീകാരുണ്യംകൊണ്ട് സംഭാഷണചതുരരും ഗാഹകരും കവികളുമായ നിരവധി സംഭവങ്ങളുണ്ട്. ശങ്കരാചാര്യസ്വാമികള്‍ സൗന്ദര്യലഹരിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാളിദാസന്‍, മൂകകവി തുടങ്ങി പ്രശസ്തരായ പലരും ദേവീപ്രസാദം കൊണ്ടു കവിത്വശക്തിനേടിയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *