Your Image Description Your Image Description

പണ്ടൊക്കെ പല വീടുകളിലും കാക്കയ്ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. എന്നാല്‍ പലർക്കും അതെന്തിന് വേണ്ടിയാണെന്നത് അറിയില്ല.

കാക്കയ്ക്ക് പിതൃക്കളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. കാക്ക ശനിഗ്രഹത്തിന്റെ അഥവാ ശനീശ്വരന്റെ വാഹനമാണ്. അതിനാൽ തന്നെ ശനിദോഷ പരിഹാരത്തിനായാണ് കാക്കയ്ക്ക് ചോറു കൊടുക്കുന്നത്. ഏഴര ശനി, കണ്ടകശനി, ശനിദശാകാലങ്ങളിലൂടെ കടന്ന് പോകുന്നവരും, പിന്നെ നക്ഷത്രപ്രകാരം പക്ഷി കാക്കയായി വരുന്ന ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവരും, ശനിയുടെ രാശിയിൽ ജനിച്ചവരും മറ്റും കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് ഉത്തമമാണ്.

പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതാണ് ഉത്തമം. കാക്കകൾ ഇല്ലാത്ത സാഹചര്യത്തിൽ അവ ഇല്ലാത്ത നാടുകളിലും മത്സ്യത്തിന് ചോറു കൊടുക്കാം. പല ക്ഷേത്രങ്ങളിലും മത്സ്യത്തിന് മലര്, പൊരി എന്നിവ കൊടുക്കുന്ന വഴിപാടുകളും ഉണ്ട്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഇപ്പോഴും ഇത് തുടരുന്നുണ്ട്. മത്സ്യം മഹാവിഷ്ണുവിന്റെ ആദ്യ അവതാരം ആണെന്നാണ് സങ്കൽപം.

ശ്രീരാമൻ വനവാസകാലത്ത് സീതയുടെ മടിയിൽ തലവെച്ച് കിടന്നുറങ്ങിയ സമയത്ത് ഒരു കാക്ക വന്ന് സീതയെ കൊത്തി പരിക്കേൽപ്പിച്ചു. ഉറക്കമുണർന്ന രാമൻ ഒരു പുല്ലെടുത്ത് മന്ത്രം ജപിച്ച് കാക്കയ്ക്ക് നേരെ എറിഞ്ഞു. അസ്ത്രം കണക്കെ അത് കാക്കയുടെ കണ്ണിൽ പതിച്ചുവെന്നും അന്നു മുതലാണ് കാക്കകള്‍ ഒരുവശം ചരിഞ്ഞ് നോക്കാൻ തുടങ്ങിയതെന്നുമാണ് ഐതീഹ്യം.

ബലിയിടുമ്പോൾ ആദ്യം ബലിക്കാക്ക വേണം ചോറ് എടുക്കാൻ. കുറച്ച് വലിപ്പം കൂടുതലായി ശരീരം മുഴുവൻ ഒരുപോലെ കറുപ്പുനിറമുള്ളതാണ് ബലിക്കാക്ക. കാക്ക പെട്ടെന്ന് വന്ന് ചോറ് എടുക്കുക, ചോറ് കൊത്തി വലത്തേക്ക് പറന്ന് പോവുക തുടങ്ങിയവ നല്ല നിമിത്തമായാണ് കണക്കാക്കുന്നത്. കാക്ക ചോറെടുക്കാതിരിക്കുന്നത് പിതൃക്കളുടെ അതൃപ്തിയെ ആണ് സൂചിപ്പിക്കുന്നത്. കാക്കയ്ക്ക് വയ്ക്കുന്ന ചോറ് കോഴിയും നായയും എടുക്കാതെ സൂക്ഷിക്കുകയും വേണം.

നിത്യവും കാക്കയ്ക്ക് ചോറ് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. കാക്കകൾ കൂട്ടമായാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കണ്ടുകഴിഞ്ഞാൽ മറ്റുള്ളവയെ കൂടി വിളിച്ചുവരുത്തിയശേഷം ആണ് അവ ഭക്ഷിക്കുക. അവയുടെ ഐക്യം മാതൃകയാക്കാവുന്നതാണ്. കാക്ക വിരുന്നു വിളിച്ചാൽ വിരുന്നുകാർ എത്തും എന്നൊരു വിശ്വാസവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *