Your Image Description Your Image Description

കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിലുള്ള പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. കണ്ണകി എന്ന സങ്കൽപ്പവുമുണ്ട്. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോ മീറ്റർ ഉള്ളിലായി വനപ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും ഏകദേശം 1,337 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരു ദിവസം മാത്രം നട തുറക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരൻ ചെങ്കുട്ടുവൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് വേണ്ടി ഒരു ക്ഷേത്രം സ്ഥാപിക്കുകയും അതിനെ ‘കണ്ണകി കോട്ടം’ അല്ലെങ്കിൽ ‘മംഗളാദേവി ക്ഷേത്രം’ എന്ന് വിളിക്കുകയും പതിവ് പൂജകൾ നടത്തുകയും ചെയ്തിരുന്നുവെന്നാണ് വിശ്വാസം.

ഐതിഹ്യം

പാണ്ഡ്യനാടായ മധുരാപുരി ചുട്ടെരിച്ചശേഷം കണ്ണകി ചേരനാട്ടിലെത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായതെന്നു കരുതപ്പെടുന്നു. പുരാതന ചേരശൈലിയിൽ ശിലാപാളികൾ അടുക്കിവെച്ച രീതിയിലാണ് അമ്പലം കാണാനാകുക. അതിനുശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യമുണ്ട്.

ചരിത്രം

മനുഷ്യവാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം ജീർണ്ണാവസ്ഥയിലായതിനാൽ ഇതിനെ സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകൾ ഒന്നുമില്ല. ദക്ഷിണേന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ്നാട്ടിൽ നിന്നുള്ള ശൈവമതക്കാരായ ചോള- മറവപ്പടയുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടത്. സദാശിവന്റെ നിഗമനത്തിൽ കണ്ണകി പാണ്ഡ്യരാജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കിയശേഷം സഹ്യപർവ്വതം കടന്നെത്തി മംഗളാദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ബുദ്ധമഠത്തിൽ അഭയം പ്രാപിച്ച ശേഷം സന്യാസിനിയായി ജിവീച്ചുവെന്നാണ്. ഇതേപേരിലുള്ള ക്ഷേത്രം മംഗലാപുരത്ത് സ്ഥാപിക്കപ്പെട്ട ബുദ്ധമത ഭിക്ഷുകിയായ താരദേവിയൂടേതാണ്. ലഭ്യമായ തെളിവുകൾ വച്ച് നോക്കുമ്പോൾ ഇത് ശക്തമായ തെളിവാകുമെന്നും അദ്ദേഹം വാദിക്കുന്നു.

ക്ഷേത്രത്തെക്കുറിച്ച്

ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സങ്കേത കേന്ദ്രത്തിൽ നിന്നും 18 കിലോമീറ്ററോളം ദൂരത്തിൽ ഏതാണ്ട് 4000 അടി ഉയരത്തിൽ മലമുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഒരു ചുമരിൽ അവലോകിതേശ്വരന്റെ ചിത്രം കാണാം. മറ്റൊരു ചുമരിൽ ബുദ്ധൻ ധ്യാനനിമഗ്നായിരിക്കുന്നതും മാരന്റെ പുത്രിമാർ പിറകിൽ നിന്ന് ആക്രമിക്കാനെത്തുന്നതുമായ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. കെ.എൻ. ഗോപാല പിള്ളയുടെ അഭിപ്രായത്തിൽ ക്ഷേത്രത്തിൽ കാണുന്ന ബുദ്ധന്മാർ ബുദ്ധന്റെ അടുത്ത ശിഷ്യന്മാരുടേതാണ്.ക്ഷേത്രത്തിനു പുറത്ത് കാണുന്ന തകർന്ന മതിൽ സൂചിപ്പിക്കുന്നത് ക്ഷേത്രത്തിനോടൊപ്പം വിഹാരങ്ങളോ ചൈത്യങ്ങളോ ഉണ്ടായിരുന്നു എന്നാണ്.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങളും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം പൂഞ്ഞാർ രാജവംശത്തിന്റെയും പിന്നീട് തിരുവിതാംകൂർ രാജവംശത്തിന്റെയും കൈകളിലായിരുന്നു. 1980-കളിൽ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്ന് അറിഞ്ഞ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി.

ഇതിനെ തുടർന്ന് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു.

പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശം മുഴുവൻ കേരള വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്.

ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് – തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *