Your Image Description Your Image Description

ശ്രീരാമ-ലക്ഷ്മണന്‍മാരുടെ ഐതിഹ്യങ്ങളാണ് പാലക്കാട് തേനാരി ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ളത്. ഇവിടെയുള്ള ശ്രീരാമതീര്‍ഥത്തില്‍ കുളിച്ചാല്‍, ഗംഗയില്‍ കുളിച്ച പുണ്യം കിട്ടുമെന്നാണ് വിശ്വാസം.

പാലക്കാടന്‍ വയലേലകൾക്ക് നടുവിലെ കൊച്ചുക്ഷേത്രം. ശ്രീരാമലക്ഷ്മണന്‍മാരാണ് പ്രധാന പ്രതിഷ്ഠ. ഹനുമാനും ഗണേശനും ഉപമൂർത്തികൾ. പ്രധാന പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ജടായുവിന്റെ ചെറിയൊരു ശില്പമുണ്ട്. അതിനോടുചേര്‍ന്ന് കല്ലില്‍ കൊത്തിയ കാല്പാടുകളും. പ്രധാന പ്രതിഷ്ഠയ്ക്കും കാല്പാടുകള്‍ക്കുമിടയില്‍ ഇരുമ്പുമറയുള്ള ചതുരക്കിണര്‍ ഉണ്ട്. ഇത് ‘ശ്രീരാമതീര്‍ഥം.’ എന്നറിയപ്പെടുന്നു.

ശ്രീരാമതീര്‍ഥം – ഐതീഹ്യം

വനവാസകാലത്ത് സീതയെത്തേടി ഭോഗാനദിയുടെ തീരത്തെത്തിയ (വാളയാര്‍പ്പുഴ) ശ്രീരാമനും പരിവാരങ്ങളും അവിടെയുള്ളൊരു പാറ (ശംഖചക്രപ്പാറ)യില്‍ വിശ്രമിച്ചു. പുഴയില്‍ മുങ്ങിക്കുളിച്ച ശ്രീരാമന്‍, മരവുരിയും കൃഷ്ണാജിനവും എടുത്തുകൊണ്ടുവരാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. പലവിധ ചിന്തകളിലായിരുന്ന ലക്ഷ്മണന്‍, ‘ജ്യേഷ്ഠനെടുത്തുകൊള്ളൂ’ വെന്ന് മറുപടി നല്‍കി. അപ്പോള്‍ ഒരശരീരി കേട്ടു, “ശ്രീരാമന്റെ വാക്കുകള്‍ നിരസിച്ചതിനാല്‍ ലക്ഷ്മണന്‍ ഇനി ജ്യേഷ്ഠനെ സേവിക്കാന്‍ യോഗ്യനല്ല, ഗംഗാതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് കാശിവിശ്വനാഥനെ വന്ദിച്ചുവന്ന് രാമപാദങ്ങളില്‍ വീണാല്‍ മാത്രമേ ചെയ്ത പാപം തീരുകയുള്ളൂ” എന്ന്.

ഈ സമയം അവിടെയെത്തിയ ജ്ഞാനശ്രുതി മഹര്‍ഷി പറഞ്ഞതനുസരിച്ച് ശ്രീരാമന്‍ തൊടുത്ത അമ്പ് ഭൂമി തുളച്ചുപോയി ഗംഗയെ കൊണ്ടുവന്നു. ആ ഗംഗയില്‍ സ്‌നാനം ചെയ്ത് ലക്ഷ്മണന്‍ പാപമുക്തനായി. ഇതാണ് രാമതീര്‍ഥം എന്ന് ഐതിഹ്യം.

ഈ പ്രദേശത്ത് താമസിക്കുന്ന വേളയില്‍, രാമലക്ഷ്മണന്‍മാര്‍ പിതൃതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷം നല്‍കി. അതുകൊണ്ട് ഈ തീര്‍ഥക്കരയില്‍ പിതൃതര്‍പ്പണം നടത്തിയാല്‍ പിതൃദോഷങ്ങള്‍ വിട്ടൊഴിയും. തന്റെ വാഹനമായ കാക്കയെ തീര്‍ഥക്കരയില്‍ ശനി കാവല്‍ നിര്‍ത്തിയിട്ടുണ്ടെന്നും രാമതീര്‍ഥത്തില്‍ കുളിക്കുന്നവര്‍ക്ക് ശനിയുടെ ദോഷം അകന്നുപോകുമെന്നും വിശ്വാസമുണ്ട്.

എല്ലാ ദിവസവും ഇവിടെ ബലിതര്‍പ്പണം നടത്താമെന്നതാണ് പ്രത്യേകത. കറുത്തവാവ് ദിവസം ആയിരക്കണക്കിനാളുകൾ ഇവിടെ ബലിയിടാന്‍ വരുന്നു. കന്നിമാസ കറുത്തവാവ്, തുലാമാസ കറുത്തവാവ്, മകരമാസ കറുത്തവാവ് എന്നീ ദിവസങ്ങള്‍ ബലിതര്‍പ്പണത്തിനു വിശേഷമാണ്.

ക്ഷേത്രത്തോട് ചേര്‍ന്ന് കാളയുടെ രൂപമുള്ള ശില്പത്തിന്റെ വായിലൂടെ വെള്ളം കുറേശ്ശെയായി ഒഴുകിക്കൊണ്ടിരിക്കുന്നു. രാമതീര്‍ഥത്തില്‍നിന്നുള്ള വെള്ളമാണിത്. ബലിയിട്ടവര്‍ അതിലാണ് ശരീരം നനക്കുന്നത്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ഗംഗയില്‍ കുളിച്ച പുണ്യം കിട്ടുമെന്നാണ് വിശ്വാസം. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ എന്ത് വിശേഷമുണ്ടെങ്കിലും, ഇവിടുന്ന് തീര്‍ഥം കൊണ്ടുപോയി അഭിഷേകം ചെയ്താണ് ആചാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

കാളവായിലൂടെ ഒഴുകുന്ന ശ്രീരാമതീര്‍ഥം

ക്ഷേത്രത്തിലേക്ക് വരുന്നവരുടെ കൈയില്‍ ചെറിയ കുടങ്ങളും പാത്രങ്ങളും ഉണ്ടാകും. പൂജാരി രാമതീര്‍ഥത്തില്‍നിന്ന് വെള്ളമെടുത്ത് ആ കുടങ്ങള്‍ നിറയ്ക്കും. കുടത്തിന്റെ വായഭാഗം നന്നായടച്ച്, പൂജിച്ച പൂക്കളും മറ്റും മുകളില്‍ വിതറും. പുതിയ വീട്ടിലേക്ക് താമസം മാറുന്നവരും മരണം നടന്ന വീടുകളിലും ഈ തീര്‍ഥം കൊണ്ടാണ് പുണ്യാഹം നടത്തുന്നത്.

ക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായി തറകെട്ടിയ ആല്‍മരമുണ്ട്. ആലിലകളുടെ മര്‍മരവും ചെറുകുളിരുമേറ്റ് ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും കൊച്ചുശിലകള്‍. കൂടാതെ മരംകൊണ്ടുള്ള ചെറിയവീടുകളും. ഒരു കൊമ്പില്‍ നിറയെ പലതരത്തിലുള്ള അയ്യപ്പമാലകളും കാണാം.

ശബരിമലയ്ക്ക് പോവുന്നവര്‍ ഇവിടെവന്ന് മാലയിടുകയും അയ്യപ്പദർശനം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ഇവിടെത്തന്നെ മാലയഴിച്ച് തൂക്കിയിടുകയും ചെയ്യും. വീടുപണിയും മറ്റും മുടക്കങ്ങളില്ലാതെ നടക്കാന്‍ വേണ്ടിയാണ് വീടുകളുടെ മാതൃകകള്‍ ആളുകൾ അമ്പലത്തിൽ കൊണ്ടുവെക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *