Your Image Description Your Image Description

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് അജ ഏകാദശി എന്ന് പറയുന്നത്. ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്‌ചയായ ഇന്നാണ് ഈ വർഷത്തെ അജ ഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.

അജ ഏകാദശി – അനുഷ്ഠാനങ്ങൾ

ഏകാദശി അനുഷ്ഠാനം പോലെ അരിഭക്ഷണം ഒഴിവാക്കിയാണ് വ്രതം ആചരിക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമിയിൽ ഒരിക്കലാണ്. വ്രത ദിനത്തിൽ എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണുഗായത്രിമന്ത്രം ജപിക്കുകയും ചെയ്യുക. വിഷ്ണുക്ഷേത്ര ദർശനം നടത്തി നെയ് വിളക്ക് സമർപ്പിച്ചു ‘അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ.’ എന്ന നാമം ജപിക്കുന്നത് രോഗ ദുരിതങ്ങൾ അകറ്റുന്നുവെന്നാണ് വിശ്വാസം. ഈ ദിവസം മറ്റ് ദുർചിന്തകൾക്കൊന്നും ഇടം കൊടുക്കാതെ ശുദ്ധമനസോടെ ഭഗവാനെ സ്തുതിക്കുന്ന നാമങ്ങൾ ജപിക്കുക.

ഏകാദശി ദിവസം മൗനാചരണം നല്ലതാണ്. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമമാണ്. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസിച്ചെടി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

അജ ഏകാദശി – ഐതിഹ്യം

ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാനോട് ചോദിച്ചു, ‘ഹേ ജനാർദ്ദനാ , ഭാദ്രപദമാസം തുടങ്ങുന്നതിന് മുമ്പുള്ള കൃഷ്ണപക്ഷത്തിലെ ഏകാദശിയെപ്പറ്റി പറഞ്ഞുതന്നാലും.’

ഭഗവാൻ കൃഷ്ണൻ പറഞ്ഞു, “ശ്രദ്ധിച്ച് കേൾക്കുക, പാപം ഇല്ലാതാക്കുന്ന ഈ ഏകാദശിയുടെ പേര് അജ എന്നാണ്. ഈ ദിവസം മുഴുവനും ഉപവസിച്ച് ഹൃഷികേശനെ ഭജിക്കുന്നവർ എല്ലാ പാപങ്ങളിൽ നിന്നും മുക്തരാകും. ഇതിനെകുറിച്ച് കേൾക്കുന്നവന്റെ പാപങ്ങൾ പോലും ഇല്ലാതാകും. ഇതിനേക്കാൾ ശ്രേഷ്ഠമായ ഒരു ദിവസം ഭൂമിയിലും സ്വർഗത്തിലും ഇല്ല.

പണ്ട് ഹരിശ്ചന്ദ്രൻ എന്ന സത്യാവാനായ ഒരു മഹാരാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രമതി, മകൻ ലോഹിതാശ്വൻ. വിധിയുടെ വിളയാട്ടത്താൽ അദ്ദേഹത്തിന് രാജ്യവും ഭാര്യയും മകനും നഷ്ടപ്പെട്ടു. കൂടാതെ ചണ്ഡാലന്റെ അടിമയായും ശ്മശാനത്തിലെ ജോലിക്കാരനായും ജീവിക്കേണ്ടി വന്നു. ഇത്തരത്തിൽ കഷ്ടതകൾ അനുഭവിക്കുന്ന സമയത്തും അദ്ദേഹം സത്യനിഷ്ഠ വെടിഞ്ഞില്ല. ഇങ്ങനെ വർഷങ്ങളോളം കഷ്ടതകൾ അനുഭവിച്ചു അദ്ദേഹം ജീവിച്ചു. ഒരു ദിവസം ഹരിശ്ചന്ദ്രൻ ഗൗതമമുനിയെ ദർശിക്കാനിടയായി. ഗൗതമമുനിയോട് രാജാവ് തന്റെ ദാരുണമായ അവസ്ഥ പറഞ്ഞു. ഗൗതമമുനിക്ക് അദ്ദേഹത്തോട് കരുണതോന്നി.

മുനി അദ്ദേഹത്തോട് പറഞ്ഞു – ‘രാജാവേ അങ്ങ് അജ ഏകാദശി അനുഷ്ഠിക്കുക. അന്ന് പകൽ മുഴുവനും ഉപവസിക്കുക. രാത്രി ഉറങ്ങരുത്. ഇങ്ങനെ ചെയ്താൽ അങ്ങയുടെ പൂർവകാല പാപങ്ങൾ ഇല്ലാതാകും. ആ ദിവസം ഒന്നും ചെയ്യാതെ വെറുതെ വിശ്രമിക്കുകയാണെങ്കിൽപോലും പൂർവപാപങ്ങൾ ഇല്ലാതാകും.’

രാജാവ് അജ ഏകാദശി അനുഷ്ഠിച്ചു. അദ്ദേഹം എല്ലാ കഷ്ടതകളിൽ നിന്നും മുക്തനായി. ദേവകൾ അദ്ദേഹത്തിന്റെ മേൽ പുഷ്പവൃഷ്ടി നടത്തി. നഷ്ടപ്പെട്ട രാജ്യവും ഭാര്യയേയും മകനെയും തിരിച്ചുകിട്ടി.

അല്ലയോ യുധിഷ്ഠിര രാജൻ, ആരാണോ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് അവരുടെ പാപങ്ങളെല്ലാം ഉടനെ നശിച്ച് അവർക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും.”

Leave a Reply

Your email address will not be published. Required fields are marked *