Your Image Description Your Image Description

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ രണ്ടു തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേയ്ക്കും വലത് വശത്തേയ്ക്കും തിരിഞ്ഞിരിക്കുന്നതും. ഇവ രണ്ടും പ്രതീകപ്പെടുത്തുന്നത്, തുമ്പിക്കൈ വലതു വശത്തേക്ക് വളഞ്ഞിരിക്കുന്ന മൂർത്തിയെ ദക്ഷിണാമൂർത്തി അഥവാ ദക്ഷിണാഭിമൂർത്തി എന്ന് പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകത്തെ സൂചിപ്പിക്കുന്നു. എന്നാൽ, വലതുഭാഗം സൂര്യനാഡിയുടേതാണ്. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവൻ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും.

ഈ രണ്ട് കാരണങ്ങളാൽ, വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ളതാണ്‌. തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കർമകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ്‌ ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

ഗണപതിയുടെ പേരിനും രൂപത്തിനും പിന്നിൽ

തുമ്പിക്കൈയുടെ വളവ് ഇടതു വശത്തേയ്ക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്ന് പറയുന്നു. വാമം എന്നാൽ ഇടത് ഭാഗം അഥവാ ഉത്തരദിശ. ഇടത് ഭാഗത്തുള്ള ചന്ദ്രനാഡി ശീതളിമ പകരുന്നു. മാത്രമല്ല, ഉത്തരദിശ ആധ്യാത്മിക ഉന്നതിയ്ക്ക് അനുയോജ്യവും ആനന്ദദായകവുമാണ്‌. അതിനാൽ, വീടുകളിൽ സർവ്വ സാധാരണമായി വാമമുഖി ഗണപതിയെയാണ്‌ കൂടുതലായും പൂജിക്കുന്നത്. അതാണുത്തമവും.

ഗണപതി എന്ന് കേൾക്കാത്തവരും ആ രൂപം അറിയാത്തവരും ഉണ്ടാകില്ല. എന്നാൽ ആ പേരിനും ആ രൂപത്തിനും പിന്നിലെ അർത്ഥവും ആശയവും എന്താണെന്ന് എത്രപേർക്കറിയാം? ‘ഗണ’ എന്നാൽ ‘പവിത്രകം’. ആതായത് ചൈതന്യത്തിന്റെ കണങ്ങൾ എന്നാണ്‌. ‘പതി’ എന്നാൽ ‘സ്വാമി’. അതായത്, കാത്തുരക്ഷിക്കുന്നവൻ. ചുരുക്കത്തിൽ, ഗണപതി എന്നാൽ ‘ചൈതന്യങ്ങളുടെ കണങ്ങൾ കാത്തു രക്ഷിക്കുന്നവൻ’ എന്നാണർത്ഥം. ഗണപതി ഭഗവാനെ വക്രതുണ്ഡൻ, വിനായകൻ, ഏകദന്തൻ എന്നൊക്കെയും വിളിക്കാറുണ്ട്.

വക്രതുണ്ഡൻ, ലംബോധരൻ, വിനായകൻ

വക്രതുണ്ഡൻ എന്ന വാക്കിന്റെ അക്ഷരാർത്ഥം വളഞ്ഞ തുമ്പിക്കൈ ഉള്ളവൻ എന്നാണ്‌. അതിന്റെ യഥാർത്ഥ അർത്ഥം വളഞ്ഞ അതായത് തെറ്റായ മാർഗത്തിലൂടെ ജീവിക്കുന്നവരെ ശിക്ഷിച്ച് നേരായ മാർഗത്തിലേയ്ക്ക് കൊണ്ടുവരുന്നവൻ എന്നാണ്‌. ഒരു കൊമ്പ് പൂർണ്ണവും മറ്റേത് മുറിഞ്ഞതുമായതിനാലാണ് ഏകദന്തൻ എന്ന് വിളിക്കുന്നത്. അത് വാച്യാർത്ഥം. ആന്തരീകാർത്ഥം നോക്കുകയാണെങ്കിൽ, ഏകം അഥവാ ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തൻ എന്നാൽ കാണിച്ചുകൊടുക്കുക എന്നർത്ഥം. അതായത്, ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കുന്നവൻ എന്നർത്ഥം.

വിനായകൻ എന്നാൽ നായകന്മാരുടെ അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവൻ എന്നാണർത്ഥം. ലംബമായ അതായത് വലുതായ ഉദരം (വയറ്‌) ഉള്ളവനെയാണ്‌ ലംബോധരൻ എന്ന് വാച്യാർത്ഥത്തിൽ വിളിക്കുന്നത്. എന്നാൽ ഇതിന്റെ ആന്തരീകാർത്ഥം സർവചരാചരങ്ങളുടെയും വാസസ്ഥലം എന്നാണ്‌. അതായത്, സർവചരാചരങ്ങളും ഗണപതിയിൽ വസിക്കുന്നു.

വിഘ്നേശ്വരനായ ഗണപതി

ഏതൊരു ശുഭകാര്യങ്ങളും ആരംഭിക്കുന്നതിനു മുൻപ് ഗണപതി ഭഗവാനെ സ്തുതിക്കുന്നു. മനുഷ്യർ സംസാരിക്കുന്ന ഭാഷ നാദ ഭാഷയാണ്‌. എന്നാൽ ദേവീദേവന്മാരുടേത് പ്രകാശഭാഷയും. മനുഷ്യർ സംസാരിക്കുന്ന നാദഭാഷ ഗണപതിയ്ക്ക് മനസിലാക്കാൻ കഴിയുന്നതിനാൽ, ഗണപതി വേഗം പ്രസന്നനാകുന്നു. നാദഭാഷയെ പ്രകാശഭാഷയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവ് ഗണപതിയ്ക്കുണ്ട്. അതിനാൽ മനുഷ്യൻ നാദഭാഷയിൽ സ്തുതിക്കുമ്പോൾ/പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനകൾ പ്രകാശഭാഷയിലേയ്ക്ക് രൂപാന്തരപ്പെടുത്തി മറ്റ് ദേവീ ദേവന്മാരിലേയ്ക്കെത്തിക്കുവാൻ ഗണപതി സഹായിക്കുന്നു. അതുകൊണ്ടാണ്‌ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുൻപ് ഗണപതി ഭഗവാനെ സ്തുതിയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.

മൂഷികവാഹനനും മൂഷികനും

മൂഷികൻ ഗണപതിയുടെ വാഹനമാണ്‌. വാഹനം എന്ന വാക്കിന് അർത്ഥം വഹിച്ചു കൊണ്ടുപോകുക എന്നാണ്‌. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്‌. അതായത് ഗണപതിയുടെ കാര്യങ്ങൾക്കായി ആവശ്യമായ ശക്തി മൂഷികനിലാണ്‌ ഉള്ളത്. മൂഷികൻ രജോഗുണത്തെ സൂചിപ്പിക്കുന്നു. ആയതിനാൽ, രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ്‌ എന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *