Your Image Description Your Image Description

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വർണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് പുതിയ പ്രതീക്ഷകളോടെയാണ് ഓരോ മലയാളികളും പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്. ചിങ്ങം എത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.

ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

കൂടാതെ ചിങ്ങം പിറന്നാൽ ഓണനാളിനായുള്ള കാത്തിരിപ്പിനും തുടക്കം കുറിക്കുകയാണ്. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഏത് നാട്ടിൽ കഴിഞ്ഞാലും പ്രായമെത്ര പിന്നിട്ടാലും മലയാളിയുടെ മനസിൽ ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ഒക്കെയായി എത്തുന്ന ഓണക്കാലം തന്നെ ഇതിൽ പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *