മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആട് 3’ ലെ പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, പി.പി. ശശി എന്നീ ഏഴ് ഐക്കോണിക് കഥാപാത്രങ്ങളെയും മുൻപത്തെ ഭാഗങ്ങളിൽ കണ്ട അതേ രൂപത്തിലും വേഷവിധാനത്തിലുമാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഈ കഥാപാത്രങ്ങളുടെ വ്യത്യസ്തമായ മറ്റൊരു ലുക്ക് പുറത്തുവിട്ടിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഈ വൈരുദ്ധ്യം തന്നെയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മൂന്നാം ഭാഗത്തിന്റെ പ്രധാന ആകർഷണം.
ഫാന്റസി ഹ്യൂമർ ജോണറിലൊരുങ്ങുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ജയസൂര്യ, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു എന്നിവർ തങ്ങളുടെ തകർപ്പൻ വേഷങ്ങളിൽ വീണ്ടും സ്ക്രീനിലെത്തും. ഇവർക്കൊപ്പം ഹോളിവുഡ് താരം അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് 130 ദിവസങ്ങൾ കൊണ്ട് വിവിധ ലൊക്കേഷനുകളിലായി പൂർത്തിയായി. പാലക്കാട്, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. ഷാൻ റഹ്മാൻ സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രം സാങ്കേതികമായും മികച്ചുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
