പ്രണയത്തെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ച് നടി മൃണാൾ താക്കൂർ. പ്രണയബന്ധങ്ങൾ എന്നത് യഥാർത്ഥത്തിൽ പങ്കാളികൾ പരസ്പരം നടത്തുന്ന ‘റീപാരന്റിംഗ്’ ആണെന്നാണ് താരം പറയുന്നത്. ‘ദോ ദീവാനേ ഷെഹർ മേം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിലാണ് മൃണാൾ മനസ്സ് തുറന്നത്.
കുട്ടിക്കാലത്തുണ്ടായ മാനസികമായ മുറിവുകളും ട്രോമകളും ഉണങ്ങാനും പുതിയ വ്യക്തിയായി വളരാനും പ്രണയബന്ധങ്ങൾ സഹായിക്കുമെന്ന് താരം നിരീക്ഷിക്കുന്നു. അമ്മ മകനെ സ്നേഹിക്കുന്നത് അത് തന്റെ മകനായതുകൊണ്ടാണ്. സഹോദരങ്ങളുടെ സ്നേഹം രക്തബന്ധത്തിന്റേതാണ്. എന്നാൽ ജീവിതപങ്കാളി അങ്ങനെയല്ല. മുൻപരിചയമോ ബന്ധമോ ഇല്ലാതെ നമ്മുടെ കുറവുകളും തെറ്റുകളും അറിഞ്ഞുകൊണ്ട് അവർ നമ്മളെ സ്നേഹിക്കുന്നു. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല, മൃണാൾ പറഞ്ഞു. പ്രണയബന്ധത്തിലൂടെ പങ്കാളികൾ പരസ്പരം വൈകാരികമായി വളർത്തുന്നതിനെയാണ് നടി റീപാരന്റിംഗ് എന്ന് വിശേഷിപ്പിച്ചത്. മൃണാളിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കുട്ടിക്കാലത്തെ മോശം അനുഭവങ്ങളെ മറികടക്കാൻ നല്ലൊരു പങ്കാളിയുടെ സാമീപ്യം സഹായിക്കുമെന്ന നടിയുടെ നിരീക്ഷണത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
