Your Image Description Your Image Description

 

ഡൽഹി: ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര യോ​ഗം ചേർന്ന് കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരടക്കമുള്ളവർ പങ്കെടുത്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് സഹോദരിക്കൊപ്പം രാജ്യം വിടുകയും താത്കാലികമായി ഇന്ത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സ്ഥിതി​ഗതികൾ വിശകലനം ചെയ്യാൻ യോ​ഗം ചേർന്നത്.

നേരത്തെ പ്രധാനമന്ത്രി മോദിയോട് എസ്. ജയശങ്കർ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ബം​ഗ്ലാദേശിലെ നിലവിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ കോൺ​ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ​ഗാന്ധിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതി​ഗതികൾ ചർച്ച ചെയ്തു.

രാജിവച്ചതിന് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നേരെ ഇന്ത്യയിലേക്കാണ് എത്തിയത്. ലണ്ടനിൽ രാഷ്‌ട്രീയ അഭയം നേടാനുള്ള ശ്രമത്തിലാണ് അവർ. ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരുമായി ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ലണ്ടനിലേക്ക് മാറുന്നത് വരെ ഹസീന ഇന്ത്യയിൽ തന്നെ തുടർന്നേക്കും. ബം​ഗ്ലാദേശിൽ ഭരണം പിടിച്ചെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീന ബം​ഗ്ലാദേശ് വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലും പാർലമെന്റ് മന്ദിരത്തിലും പ്രതിഷേധക്കാർ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *