Your Image Description Your Image Description

കോഴിക്കോട് : പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു കോഴിക്കോട് നഗരത്തിൽ സുരക്ഷ കർശനമാക്കി സിറ്റി പോലീസ് . ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടി . ഇതിനായി കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 600 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത് .

നഗരത്തിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, വക്കൽ ബിച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, തുടങ്ങിയ സ്ഥലങ്ങളിലും ആൾകൂട്ടം ഉണ്ടാകുന്ന ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് തിരുമാനം. പുതുവത്സരാഘോഷങ്ങളുടെ മറവിൽ സാമൂഹിക വിരുദ്ധ പ്രവർർത്തനങ്ങളും മറ്റും നടക്കാൻ സാധ്യത കൂടുതലാണ്.

ജാഗ്രതാ നിർദേശവും

മതിയായ വെളിച്ചത്തോട് കൂടെ മാത്രമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളൂ. പരിപാടി സംഘടിപ്പിക്കുന്നവർ ഇത് ഉറപ്പ് വരുത്തണം. ആഘോഷങ്ങളുടെ ഭാഗമായി കാർ/ബൈക്ക് റേസിംഗ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കരുതെന്നും നിർദേശമുണ്ട്. പൊതു സ്ഥലങ്ങളിൽ മദ്യപിച്ച് വാഹനം ഓടിക്കരുത്. ജില്ലാ

അതിർത്തികളിൽ ബോർഡർ സീലിംഗ് ഡ്യൂട്ടിക്കായും പോലീസുദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്റ്റി പൊലീസിനെയും നിയോഗിക്കും. പുതുവത്സരം ആഘോഷിക്കാൻ നഗരത്തിലെത്തുന്ന വിദേശികളുടെ എണ്ണത്തിലും വർദ്ധവുണ്ടായിട്ടുണ്ട്. ഇവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സുരക്ഷയുടെ ഭാഗമായി വൈകീട്ട് മൂന്നു മുതൽ കോഴിക്കോട് ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും പദ്ധതിയുണ്ട്. അമിത ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫയർ ഡിസ്പ്ലേ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കോടതി നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ നടത്താൻ പാടുള്ളൂ. പുതുവത്സരാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുള്ള സംഘനകളും സംഘാടകരും അതാതു പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി വാങ്ങുകയും വേണം. ആഘോഷങ്ങൾക്കിടെയുള്ള ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. പരിപാടികൾക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കണം. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ ക്യാമ്പുകളുടെ നടത്തിപ്പുകാർ തൊഴിലാളികൾക്ക് ആവശ്യമായ നി‌ദേശങ്ങൾ നൽകണമെന്നും പൊലീസ് അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പോലീസ് ടോൾ ഫ്രീ നമ്പറായ 112ലോ 1515 ലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *