Your Image Description Your Image Description

കോട്ടയം: കോട്ടയം മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നിലവിലെ മണ്ഡലം പ്രസിഡന്‍റിന്‍റെയും മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിൽ രണ്ട് പാനലുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കെപിസിസി നേതൃത്വം ഇടപെട്ടിട്ടും പ്രാദേശിക നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറിയിട്ടില്ല. നാല് പതിറ്റാണ്ടായി യുഡിഎഫാണ് മാടപ്പള്ളി സഹകരണ ബാങ്ക് ഭരിക്കുന്നത്. കോട്ടയത്ത് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട ബാങ്കുകളിലൊന്നാണിത്.

അടുത്ത മാസമാണ് ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റ് ബാബു കുരീത്രയുടെ നേതൃത്വത്തിലാണ് ആദ്യം യുഡിഎഫ് പാനലുണ്ടാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയാണ് പാനൽ. കോൺഗ്രസ് പ്രവ‍ർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് ഈ പാനലിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷനും ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നാലെയാണ് നിലവിലെ മണ്ഡലം പ്രസിഡന്‍റ് ജിൻസൺ മാത്യുവിന്‍റെ നേതൃത്വത്തിൽ മറ്റൊരു പാനൽ മത്സരത്തിനിറങ്ങുന്നത്.

മുസിം ലീഗ്, ആർഎസ്പി ഘടക കക്ഷികളും പാനലിലുണ്ട്. ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് സംവിധാനത്തിലെ തിരുവഞ്ചൂർ രാധാകൃഷണൻ പക്ഷവും – കെസി ജോസഫ് പക്ഷവും തമ്മിലാണ് പരസ്പരം മത്സരിക്കുന്നത്. ഔദ്യോഗിക പാനൽ, യുഡിഎഫ് പാനൽ എന്നാണ് രണ്ട് കൂട്ടരും അവകാശപ്പെടുന്നത്. എന്നാല്‍, ഏതാണ് ഓദ്യോഗിക പാനൽ എന്ന് ചോദിച്ചാൽ ആശയക്കുഴപ്പമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്. സംഭവത്തിൽ ചങ്ങനാശ്ശേരിലെ യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ അടക്കം കെപിസിസിക്ക് പരാതി നൽകി. പക്ഷെ ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും ചേരിതിരിഞ്ഞ് ഇരു പക്ഷത്തിനൊപ്പവും നിലയുറപ്പിക്കുന്നു. കോൺഗ്രസിലെ തർക്കം മുതലെടുത്ത് ബാലികേറാമലയായിരുന്ന ബാങ്ക് ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൽഡിഎഫ്. ബിജെപിയും മത്സര രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *