Your Image Description Your Image Description

 

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിൽ കോഴിക്കോട് മാഫിയാ പ്രവർത്തനം പടർന്ന് പന്തലിക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡൻറ് കെ പ്രവീൺകുമാർ. കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലുള്ള തർക്കമാണ് നടക്കുന്നത്. അതിൻറെ ഭാഗമായാണ് കോഴ വിവരം പുറത്ത് വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണം. സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നതെന്നും പ്രവീൺകുമാർ പറ‌ഞ്ഞു.

പിഎസ്‌സി അംഗത്വം സിപിഎം തൂക്കിവിൽക്കുകയാണെന്ന് പ്രവീൺ കുമാർ ആരോപിച്ചു. കോടതി നിരീക്ഷണത്തിലുള്ള പൊലീസ് അന്വേഷണം വേണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴിൽ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. സിപിഎം സഖാക്കൾക്ക് പണത്തിന് ആർത്തി കൂടുന്നുവെന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞു. അതിനോട് ചേർത്ത് വെച്ച് വേണം അഴിമതി ആരോപണത്തെ കാണാനെന്നും പ്രവീൺകുമാർ പറഞ്ഞു. ആരോപണത്തിൽ സത്യം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. സർക്കാരിനും ബാധ്യതയുണ്ട്. ഇനിയും അഴിമതികൾ പുറത്ത് വരാനുണ്ട്. സ്റ്റീൽ കോംപ്ലക്സ് കൈമാറ്റത്തിന് പിന്നിലും മന്ത്രി മുഹമ്മദ് റിയാസാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻറ് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാർട്ടിക്ക് കിട്ടിയ പരാതി. ഡീൽ ഉറപ്പിക്കുന്നതിൻറെ ശബ്ദ സന്ദേശം അടക്കമാണ് പരാതി നൽകിയത്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളി കോഴ വാങ്ങിയെന്നാണ് ആരോപണം. ഒരു ഡോക്ടറാണ് പരാതി നൽകിയത്.

പിഎസ്‍സി ലിസ്റ്റിൽ പക്ഷെ ഡോക്ടർ ഉൾപ്പെട്ടില്ല. ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഡീൽ ഉറപ്പിക്കുന്ന ശബ്ദരേഖയടക്കം പാർട്ടിക്ക് പരാതി നൽകിയത്. പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് ഒരു മാസം മുൻപ് സിപിഎമ്മിന് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *