Your Image Description Your Image Description

 

വമ്പൻ മാറ്റങ്ങളായിരിക്കുമോ വരുന്ന 23-ാം തീയതി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവുക? ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളെല്ലാം അക്കാര്യം ശരിവയ്ക്കുന്നതാണ്. ഏറ്റവുമൊടുവിലായി സർക്കാരിൻറെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിലും സമഗ്ര മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പേരെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ കൊണ്ടുവരുന്നതിനൊപ്പം വാർഷിക ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കി ഉയർത്താനും സാധ്യതയുണ്ടെന്നാണ് സൂചന. ദേശീയ ആരോഗ്യ അതോറിറ്റി തയാറാക്കിയ കണക്കുകൾ പ്രകാരം സർക്കാരിന് ഇത് 12,076 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിച്ചേക്കും.

ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയാൽ രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങൾക്കും ആരോഗ്യ പരിരക്ഷ ലഭിക്കും. നിലവിൽ വാർഷിക ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയാണ്.ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 55 കോടി ഗുണഭോക്താക്കൾക്ക് സർക്കാർ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട് . ഇതിന് പുറമേ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചിരുന്നു. സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന . ഇതിൽ രാജ്യത്തെ 12 കോടി താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു. രാജ്യത്തെ പൊതു അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കാർഡ് ഉപയോഗിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കാം.

ആയുഷ്മാൻ ഭാരത് കാർഡിന് എങ്ങനെ അപേക്ഷിക്കാം?

* ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദർശിക്കുക.
* വെബ്‌സൈറ്റിനുള്ളിൽ, ABHA- രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക
* ആധാർ സ്ഥിരീകരിക്കാൻ ഒടിപി നൽകുക.
* പേര്, വരുമാനം, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ നൽകുക.
* അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക, അതിനുശേഷം ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
* ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കാൻ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *