Your Image Description Your Image Description

ഹരാരെ: ടി20 ക്രിക്കറ്റിലെ കന്നി സെഞ്ചുറിയോടെ ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍. സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ നടന്ന രണ്ടാം ടി20യിലാണ് ഓപ്പണറായെത്തിയ അഭിഷേക് സെഞ്ചുറി നേടിയത്. 47 പന്തുകള്‍ നേരിട്ട 23കാരന്‍ എട്ട് സിക്‌സും ഏഴ് ഫോറും നേടി. വെല്ലിംഗ്ടണ്‍ മസകാഡ്‌സക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ഓവറിന്റെ അവസാന പന്തില്‍ താരം മടങ്ങുകയും ചെയ്തു.

പുറത്താവുമ്പോള്‍ ഒരു റെക്കോര്‍ഡ് അഭിഷേക് സ്വന്തമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് സെഞ്ചുറി സ്വന്തമാക്കുന്ന ടി20 താരമായിരിക്കുകയാണ് അഭിഷേക്. അതും രണ്ടാം മത്സരത്തില്‍. മൂന്നാം മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുള്ള ദീപക് ഹൂഡയെയാണ് അഭിഷേക് മറികടന്നത്. നാലാം ടി20യില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്ത്. ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാം സെഞ്ചുറി കൂടിയാണ് അഭിഷേക് നേടിയത്. 46 പന്തുകളാണ് അഭിഷേകിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്.

ഇക്കാര്യത്തില്‍ രാഹുലിനൊപ്പമാണ് അഭിഷേക്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു രാഹുലിന്റെ സെഞ്ചുറി. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ രാജ്‌കോട്ടില്‍ 45 പന്തില്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് രണ്ടാമന്‍. ഒന്നാമന്‍ രോഹിത് ശര്‍മ. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. ടി20യില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് അഭിഷേക്. 23 വര്‍ഷവും 307 ദിവസവുമാണ് അഭിഷേകിന്റെ പ്രായം.

ഇക്കാര്യത്തില്‍ യശസ്വി ജയ്‌സ്വാളാണ് ഒന്നമന്‍. കഴിഞ്ഞ വര്‍ഷം നേപ്പാളിനെതിരെ സെഞ്ചുറി നേടുമ്പോള്‍ ജയ്‌സ്വാളിന് 21 വയസും 279 ദിവസവുമായിരുന്നു പ്രായം. ശുഭ്മാന്‍ ഗില്‍, സുരേഷ് റെയ്‌ന എന്നിവരാണ് അഭിഷേകിന്റെ മുന്നിലുള്ള താരങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *