Your Image Description Your Image Description

ന്യൂയോര്‍ക്ക്: മുന്‍ താരങ്ങളുടെ വിമര്‍ശനങ്ങള്‍ അച്ചട്ടാക്കി ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. പതിറ്റാണ്ടുകള്‍ ലോക ഫുട്ബോളിനെ അടക്കിഭരിച്ച, ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമായുള്ള കാനറികള്‍ ഈ പതര്‍ച്ച നേരിടുന്നത് ആരാധകരുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. കോപ്പയില്‍ നിന്ന് ദയനീയമായി പുറത്തായതിന്‍റെ കടുത്ത ആഘാതത്തിനിടെ ആരാധക പിന്തുണ തേടിയിരിക്കുകയാണ് ബ്രസീലിന്‍റെ കൗമാര സ്ട്രൈക്കര്‍ എന്‍ഡ്രിക്.

‘ബ്രസീലിനെ ഫുട്ബോളിന്‍റെ നെറുകയില്‍ എത്തിക്കണം. ഞങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്യുന്നത് തുടരുകയും ലോകകപ്പിനായി തയ്യാറെടുക്കുകയും ചെയ്യും. കോപ്പയില്‍ നിന്ന് പുറത്തായ ഈ നിമിഷം സങ്കടകരമാണ് എന്നറിയാം. എങ്കിലും എല്ലാ ബ്രസീലുകാരുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്നുമാണ് കോപ്പയിലെ തോല്‍വിക്ക് ശേഷം എന്‍ഡ്രിക്കിന്‍റെ വാക്കുകള്‍. എന്നാല്‍ എന്‍ഡ്രിക്കിനെ വിമര്‍ശനങ്ങള്‍ കൊണ്ട് നേരിടുന്നത് തുടരുകയാണ് ആരാധകര്‍. കോപ്പയില്‍ തിളങ്ങാന്‍ എന്‍ഡ്രിക്കിനും സാധിച്ചിരുന്നില്ല. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അടക്കമുള്ളവരും നിഴല്‍ മാത്രമായപ്പോള്‍ ബ്രസീലിന്‍റെ മധ്യനിരയും പ്രതിരോധവും ഫോര്‍മേഷനുമെല്ലാം കോപ്പയിലുടനീളം വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കോച്ചിനെ മാറ്റണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.

കോപ്പയിലെ ക്വാര്‍ട്ടറില്‍ ഉറുഗ്വോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോറ്റാണ് ബ്രസീല്‍ ടൂര്‍ണമെന്‍റിന്‍റെ സെമി പോലും കാണാതെ പുറത്തായത്. ഷൂട്ടൗട്ടില്‍ ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവര്‍ കിക്കുകള്‍ പാഴാക്കി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സസ്‌പെന്‍ഷന്‍ കാരണം വിനീഷ്യസ് ജൂനിയര്‍ പുറത്തിരുന്നപ്പോള്‍ എന്‍ഡ്രിക്കിനെ സ്ട്രൈക്കറാക്കിയും റോഡ്രിഗോയെ ഇടത് വിങ്ങറാക്കിയുമുള്ള പരിശീലകന്‍ ഡോറിവല്‍ ജൂനിയറിന്‍റെ തീരുമാനവും അമ്പേ പാളി.

Leave a Reply

Your email address will not be published. Required fields are marked *