Your Image Description Your Image Description

ഗസ്സ സിറ്റി: ആഴ്ചകൾക്കിടെ എല്ലാം തീർക്കാനിറങ്ങി 80 നാളുകൾക്കുശേഷവും കാര്യമായ പുരോഗതിയില്ലാതെ കുഴങ്ങുന്ന ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി. ഭക്ഷണവും വൈദ്യുതിയും ആശുപത്രിയുമടക്കം എല്ലാം മുടക്കി തുടരുന്ന വംശഹത്യ ഓരോ നാളും കൂടുതൽ വ്യക്തതയോടെ ലോകം കാണുന്നതാണ് അധിനിവേശകരെ ചോദ്യമുനയിൽ നിർത്തുന്നത്.

ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങളിലേറെയും നാമാവശേഷമാക്കിയിട്ടും ഇസ്രായേൽ അതിർത്തി പ്രദേശങ്ങൾക്കുനേരെ ഇപ്പോഴും ഹമാസ് റോക്കറ്റ് വർഷം പതിവിൻപടിയാണ്. ടണലുകളും ഹമാസ് താവളങ്ങളും തകർത്തെന്ന് നിരന്തരം അവകാശവാദം മുഴക്കുന്നതല്ലാതെ നൂറിലേറെ വരുന്ന ബന്ദികളിൽ ഒരാളെപ്പോലും മോചിപ്പിക്കാൻ സൈന്യത്തിനായിട്ടുമില്ല.

എന്നല്ല, വടക്കൻ ഗസ്സയിലെ ശുജാഇയ്യയിൽ മൂന്നു ബന്ദികളെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്നതിന്റെ പേരിൽ ഇപ്പോഴും ഇസ്രായേൽ സൈനികർ എതിർപ്പ് നേരിടുകയാണ്. കൊല്ലപ്പെട്ട നാലു ബന്ദികളെ ഏറ്റുവാങ്ങി മണിക്കൂറുകൾക്കകമായിരുന്നു ഇതെന്നുകൂടി ചേർത്തുവായിക്കണം. കുട്ടികളും നിരപരാധികളുമെന്ന വ്യത്യാസമില്ലാതെ ഫലസ്തീനികൾക്കുമേൽ തുടരുന്ന കശാപ്പിനെതിരെ ലോകമെങ്ങും രൂക്ഷ എതിർപ്പുയരുമ്പോൾ പിന്തുണച്ച് രംഗത്തുവരാൻ അമേരിക്കക്കുപോലും പ്രയാസം നേരിടുന്നതാണ് നിലവിലെ സ്ഥിതി.

യൂറോപ്പിൽ ഏറ്റവും ശക്തമായി ഇസ്രായേലിനൊപ്പം നിൽക്കുന്ന ജർമനിയിൽ പോലും 65 ശതമാനം പേരും സർക്കാർ നിലപാടുകൾക്കെതിരാണെന്ന് പുതിയ അഭിപ്രായ സർവേകൾ പറയുന്നു. അയർലൻഡ് പോലുള്ള മറ്റു രാജ്യങ്ങളിൽ മഹാഭൂരിപക്ഷവും ഇസ്രായേൽ വിരുദ്ധത പരസ്യമാക്കിയവരാണ്. നേരത്തേ വൻതോതിൽ ഇസ്രായേലിനെ പിന്തുണച്ച ബ്രിട്ടനിലും എതിർപ്പ് കൂടിവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *