Your Image Description Your Image Description

ഇടുക്കി: കനത്ത മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ല അതീവ ജാഗ്രതയിലേക്ക്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് മൂന്നാറിൽ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചത്.

അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മാലയുടെ (42) മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് പതിച്ചത്. മൂന്നാർ ലക്ഷം കോളനിയിലാണ് സംഭവം. 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകൾ നാട്ടുകാരെ വിളിച്ചു കൂട്ടി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും സംയുക്തമായി ശ്രമിച്ചാണ് വീട്ടമ്മയെ പുറത്തെടുത്തത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാറിൽ അപകട സാധ്യതാ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്നാർ കോളനിയിലെ കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. പഴയ മൂന്നാർ സിഎസ്ഐ പള്ളി ഹാളിലാണ് താൽക്കാലിക ക്യാമ്പ് തുറന്നത്. ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ സിഎസ്ഐ. ഹാളിലെ ക്യാമ്പിൽ എത്തി. കുടുംബങ്ങളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമായി ചർച്ച നടത്തി. മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുളള യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിന് അനുമതി നൽകി. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ കഴിഞ്ഞ ദിവസം രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇന്നലെ രാത്രി 7 മുതൽ ഇന്ന് രാവിലെ 6 വരെയായിരുന്നു യാത്രാ നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *