Your Image Description Your Image Description

കൊച്ചി: കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് യാക്കോബായ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം പള്ളി ഏറ്റെടുക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസുമിടപെട്ട് ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ വൈദികർ മടങ്ങി.

പുളിന്താനം സെൻ്റ് ജോൺസ് യാക്കോബായ പള്ളി 1934ലെ ഭരണഘടന പ്രകാരം ഓ‍ർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന മൂവാറ്റുപുഴ സബ് കോടതി വിധി നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളി ഏറ്റെടുക്കാനെത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥരും ഓ‍ർത്തഡോക്സ് വിഭാഗം വൈദികരും വരുന്നതറിഞ്ഞ് രാവിലെ എട്ട് മണി മുതൽ യാക്കോബായ വിഭാക്കാ‍ർ പ്രതിഷേധത്തിലായിരുന്നു. പള്ളിയുടെ ഗേറ്റ് അടച്ച് അകത്തുനിന്ന് വിശ്വാസികൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. ആർ ഡി ഒ ഉൾപ്പെടെയുളള റവന്യു ഉദ്യോഗസ്ഥരും വൻ പൊലീസ് വിന്യാസവും പള്ളിക്ക് ചുറ്റുമുണ്ടായിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് നടപടികൾ പാടില്ലെന്ന കോടതി നി‍ർദ്ദേശമുള്ളതിനാൽ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. 11 മണിയോടെ, പള്ളി ഏറ്റെടുക്കാൻ കോർ എപ്പിസ്കോപ ഫാ. ഐസക് ഉൾപ്പെടെയുള്ള ഓർത്തഡോക്സ് പ്രതിനിധികളെത്തിയതോടെ പ്രതിഷേധം കനത്തു.

ഇരുവിഭാഗവുമായും പൊലീസ് ചർച്ച നടത്തി. കനത്ത പ്രതിഷേധത്തിനൊടുവിൽ കോടതി വിധി നടപ്പാക്കാനാവാതെ ഉദ്യോഗസ്ഥരും ഓർത്തഡോക്സ് വിഭാഗവും മടങ്ങി. അന്യായമായി സംഘം ചേർന്ന് കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞതിനെതിരെ പൊലീസ് റിപ്പോർട്ട് നൽകും. കോടതി വിധി നടപ്പായാൽ മൂന്നൂറിലേറെ യാക്കോബായ കുടുംബങ്ങളുള്ള പള്ളിയുടെ ഭരണം അത്ര സംഘബലമില്ലാത്ത ഓർത്തഡോക്സ് വിഭാഗത്തിന്റെ കയ്യിലാകും. കോടതി ഉത്തരവിനെതിരെ വീണ്ടും നിയമപരമായി മുന്നോട്ട് പോകാനാണ് യാക്കോബായ വിഭാഗത്തിൻ്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *