Your Image Description Your Image Description

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ.നല്ല തെറ്റ് തിരുത്തലാണ് സിപിഎം നടത്തുന്നതെന്ന് വിമര്‍ശിച്ച വടകര എംഎൽഎ, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും കുറ്റപ്പെടുത്തി.

ടിപി ചന്ദ്രശേഖരൻ കേസിൻ്റെ വിഷയം എല്ലാ കാലത്തും ചര്‍ച്ച ചെയ്യേണ്ടി വരുന്നുവെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും പ്രതികൾക്ക് വഴിവിട്ട സഹായമാണ് ചെയ്യുന്നത്. പ്രതികൾക്ക് ജയിലിൽ സുഖവാസമാണ്. ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളാണ്. അവര്‍ക്ക് ജയിലിൽ വച്ച് സ്വര്‍ണക്കടത്ത്, ക്വട്ടേഷൻ പ്രവര്‍ത്തനങ്ങൾ നടത്താനാവുന്നുണ്ട്. മൂന്ന് പ്രതികളെയാണ് – അണ്ണൻ സിജിത്ത്, ഷാഫി, ടികെ രജീഷ്- ഇപ്പോൾ വിട്ടയക്കാൻ ശ്രമിക്കുന്നത്. 20 വര്‍ഷത്തിനിപ്പുറം ഇവരുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കുറ്റം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റെന്നാണ് ഇപ്പോൾ സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാൻ സാധിക്കില്ല. അത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇതിന് പിന്നിൽ വളരെ കൃത്യമായ ആലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടക്കം അറിവില്ലാതെ ഈ പേരുകൾ വിട്ടയക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത് ഉദ്യോഗസ്ഥരുടെ തലയിലിടാൻ വിവാദമായപ്പോൾ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 8-6-24 ന് 10 കൊല്ലം ശിക്ഷ അനുഭവിച്ച ആളുകൾക്കാണ് വിടുതലിന് ഉത്തരവിട്ടത്. ഈ മൂന്ന് പേരെ മാത്രം ഉൾക്കൊള്ളിച്ചത് എന്തിനാണ്? വിവാദമാകാതെ വന്നാൽ ബാക്കിയുള്ളവരെ കൂടെ പുറത്തിറക്കാനായിരുന്നു പദ്ധതി. അത് പൊളിഞ്ഞുവെന്നും കെകെ രമ പറഞ്ഞു.

സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മൂന്ന് പ്രതികളും ഭീഷണി മുഴക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. ടികെ രജീഷ് അടക്കമുള്ളവര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പാര്‍ട്ടി കൂടെയുണ്ടെന്ന് പ്രതികളെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ സര്‍ക്കാര്‍ ഇവരുടെ പേര് ഉൾപ്പെടുത്തിയത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഉന്നത നേതൃത്വവും ആലോചിച്ച് നടത്തിയ തന്ത്രമാണിത്. ജയിൽ സൂപ്രണ്ടിനെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ ബലിയാടാക്കി സര്‍ക്കാര്‍ വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുമെന്നും രമ പറഞ്ഞു.
ടിപി കേസിലെ പ്രതികൾക്ക് ഇതുവരെ എത്ര പരോൾ ലഭിച്ചു? താൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയില്ല. ഈ സഭയിലും മറുപടി തന്നിട്ടില്ല. ഹൈക്കോടതി ശിക്ഷിച്ച പ്രതി ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികൾ പുറത്തുവിടുന്ന രഹസ്യങ്ങൾ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയുണ്ടാക്കും. അതാണ് ഏറ്റവുമൊടുവിലത്തെ വിട്ടയക്കൽ നീക്കത്തിന് പിന്നിൽ. പ്രതികളെ വിട്ടയക്കുന്നതിൽ തൻ്റെയും അയൽവാസികളുടെയും മൊഴി പൊലീസ് വന്ന് രേഖപ്പെടുത്തി പോയി. പ്രതികൾ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ളവരും വന്ന് മൊഴിയെടുത്തു പോയി. ഇതിന് സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്നും കെകെ രമ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *