Your Image Description Your Image Description

വീട്ടുമുറ്റത്തും ബാൽക്കണികളിലും ഒക്കെ കൊച്ചു പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമുള്ളവർ ആയിരിക്കാം നമ്മളിൽ പലരും. പക്ഷേ, നമ്മുടെ പൂന്തോട്ടത്തിൽ നാം പരിപാലിച്ചു വന്ന ഒരു ചെടി നാം ഉദ്ദേശിച്ചതല്ല മറ്റെന്തെങ്കിലും ഇനത്തിൽ പെട്ടതാണെന്ന് അറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇനിയത് വീട്ടുവളപ്പിൽ നട്ടുവളർത്തുന്നതില്‍ നിയമ തടസമുള്ള ചെടിയാണെങ്കിലോ? പിന്നെ പറയേണ്ടല്ലേ, അതുമതി കാര്യങ്ങൾ പൊല്ലാപ്പാകാൻ. അടുത്തിടെ ബ്രിട്ടനിൽ അത്തരത്തിലൊരു സംഭവമുണ്ടായി. രാജ്യത്ത് നട്ടുവളർത്താൻ അനുവാദമില്ലാത്ത കഞ്ചാവ് ചെടികൾ ഒരു വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ചെടികളെ കുറിച്ച് ചോദിച്ചപ്പോൾ വീട്ടുടമ നൽകിയ മറുപടികൾ ആണെന്ന് അറിയില്ല എന്നായിരുന്നു.

സംഭവം ഇങ്ങനെയാണ്, കേംബ്രിഡ്ജ്ഷെയർ കോൺസ്റ്റബുലറി പൊലീസ് ഉദ്യോഗസ്ഥർ ഫെൻലാൻഡ് പ്രദേശത്ത് അവരുടെ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുന്ന ചെടികൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂക്ക് സ്ട്രീറ്റിലെ ആ വീട്ടിൽ പരിശോധനയ്ക്കായി എത്തി. പരിശോധനയിൽ 15 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻതന്നെ ചെടികൾ കസ്റ്റഡിയിലെടുത്ത് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട് ഉടമ നൽകിയ മറുപടി.

രാജ്യത്ത് നിയമവിരുദ്ധമായ ഇത്തരം ചെടികൾ നട്ടുവളർത്തുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ ചെടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പോസ്റ്റിന് താഴെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഞ്ചാവ് ചെടി അല്ലെന്നും അതിനോട് സാമ്യമുള്ള മറ്റേതെങ്കിലും ചെടിയാകാന്‍ ആണ് സാധ്യത എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. മറ്റൊരാൾ രസകരമായ കുറിച്ചത് ഏതാനും നാളുകൾ കൂടി നിങ്ങൾ ഈ ചെടിയെ നന്നായി പരിപാലിച്ചാൽ നിങ്ങൾക്ക് അതിൽ നിന്നും ഫലവത്തായ തക്കാളി ലഭിക്കും എന്നായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *